ആ ഷോട്ടില്‍ കാണിച്ചത് ലാലേട്ടനെയല്ല, മാത്യുവിനെ കാണാന്‍ ഇനിയും കാത്തിരിക്കണം, ജയിലര്‍ 2 ടീസറില്‍ നെല്‍സണ്‍ ഒളിപ്പിച്ചുവെച്ചവര്‍ ഇവര്‍
Indian Cinema
ആ ഷോട്ടില്‍ കാണിച്ചത് ലാലേട്ടനെയല്ല, മാത്യുവിനെ കാണാന്‍ ഇനിയും കാത്തിരിക്കണം, ജയിലര്‍ 2 ടീസറില്‍ നെല്‍സണ്‍ ഒളിപ്പിച്ചുവെച്ചവര്‍ ഇവര്‍
അമര്‍നാഥ് എം.
Friday, 3rd July 2026, 2:05 pm

ആകാംക്ഷയും ആവേശവും ഇരട്ടിയാക്കിക്കൊണ്ട് തമിഴ് ചിത്രം ജയിലര്‍ 2 റിലീസ് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയക്ക് മൊത്തം തീയിട്ടുകൊണ്ടുള്ള ടീസറിലൂടെയാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ജയിലറിന്റെ അവസാന ഭാഗത്തില്‍ വര്‍മന്‍ പറയുന്ന ഡയലോഗിലൂടെയാണ് രണ്ടാം ഭാഗത്തിന്റെ ടീസര്‍ ആരംഭിക്കുന്നത്. ആദ്യഭാഗത്തിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പുതിയ ചില ആളുകളെയും ടീസറില്‍ മിന്നായം പോലെ കാണിക്കുന്നുണ്ട്.

എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് ടീസറിലെ മലയാളി സാന്നിധ്യമാണ്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, സുനില്‍ സുഖദ, ഹക്കിം ഷാ, സുജിത് ശങ്കര്‍, മിര്‍ണ മേനോന്‍ തുടങ്ങിയവരെയെല്ലാം റിവീല്‍ ചെയ്തപ്പോള്‍ സംവിധായകന്‍ മനപൂര്‍വം ഒളിപ്പിച്ചുവെച്ച താരങ്ങളിലൊരാള്‍ മോഹന്‍ലാലായി മാറി. എന്നാല്‍ ടീസറിലെ ഒരു ഷോട്ടില്‍ വരുന്നത് മോഹന്‍ലാലാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു.

ജയിലര്‍ 2 Photo: Sun Pictures

മുടി നീട്ടി വളര്‍ത്തിയ ഒരാള്‍ വാതിലടക്കുന്നതിന്റെ ബാക്ക് ഷോട്ട് ടീസറില്‍ കാണിക്കുന്നുണ്ട്. ഇത് മോഹന്‍ലാലാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത് മോഹന്‍ലാലല്ലെന്നും മിഥുന്‍ ചക്രവര്‍ത്തിയാണെന്നും ടീസര്‍ ഡീകോഡ് ചെയ്തവര്‍ മറുപടി നല്‍കി. മുത്തുവേല്‍ പാണ്ഡ്യന്‍ നേരിടുന്ന വില്ലന്മാരിലൊരാളാണ് മിഥുന്‍ ചക്രവര്‍ത്തിയുടെ കഥാപാത്രം. പുതിയ ലുക്കില്‍ ആയതിനാല്‍ മോഹന്‍ലാലിനെ കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും മറുപടിയില്‍ പറയുന്നുണ്ട്.

അതുപോല ടീസറിന്റെ തുടക്കത്തില്‍ റോള്‍സ് റോയിസ് കാറില്‍ നിന്ന് ഇറങ്ങുന്നയാള്‍ ശിവ രാജ്കുമാര്‍ ആണോ എന്നും ചിലര്‍ സംശയം പങ്കുവെച്ചു. എന്നാല്‍ ഇത് ശിവ രാജ്കുമാര്‍ അല്ലെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്റുകളും വൈറലായി. പ്രധാന വില്ലനായ എസ്.ജെ സൂര്യയാണ് ഇതെന്നാണ് ഇക്കൂട്ടരുടെ മറുപടി. ആദ്യഭാഗത്തില്‍ വെറും രണ്ട് സീനില്‍ മാത്രം വന്ന് കൈയടി നേടിയ കഥാപാത്രമായിരുന്നു ശിവ രാജ്കുമാര്‍ അവതരിപ്പിച്ച നരസിംഹന്‍. രണ്ടാം ഭാഗത്തിലും ശിവണ്ണയുടെ വക മാസ് എന്‍ട്രി പ്രതീക്ഷിക്കാം.

സാരി ധരിച്ച് കൈയില്‍ സിഗരറ്റുമായി പടിയിറങ്ങി വരുന്ന സ്ത്രീ കഥാപാത്രം വിദ്യാ ബാലനോ അന്നാ രാജനോ ആകാനാണ് സാധ്യതയെന്ന് ഡീകോഡിങ് പോസ്റ്റില്‍ പറയുന്നു. വിദ്യാ ബാലനാകാനാണ് കൂടുതല്‍ സാധ്യതയെന്നും പോസ്റ്റില്‍ പറയുന്നു. വര്‍മനെക്കാള്‍ അപകടകാരികളായ വില്ലന്മാരെയാണ് ഇത്തവണ മുത്തുവേല്‍ പാണ്ഡ്യന് നേരിടേണ്ടി വരികയെന്ന് വ്യക്തം.

രമ്യ കൃഷ്ണന്‍, തമിഴ്, ബക്‌സ് (ഭഗവതി പെരുമാള്‍), യോഗി ബാബു, രാമചന്ദ്രന്‍ ദുരൈരാജ് എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ട്. മോഹന്‍ലാലിനും ശിവരാജ് കുമാറിനും പുറമെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി, ബോളിവുഡ് താരം ഹൃതിക് റോഷന്‍ എന്നിവരുടെ അതിഥിവേഷവും ഹൈപ്പ് ഉയര്‍ത്തുന്നുണ്ട്. ഒക്ടോബര്‍ 15ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Hidden details in Jailer 2 release announcement

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം