കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടിവെപ്പ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് വെടിവെപ്പുണ്ടായത്. കുണ്ടന്നൂര്‍ ഓജീസ് കാന്താരി ബാറിലാണ് സംഭവം നടന്നത്.

ബാറില്‍ നിന്ന് ഇറങ്ങിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ബാറിന്റെ ചുമരില്‍ രണ്ട് റൗണ്ട് വെടി വെച്ചു. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. വിവരമറിഞ്ഞ് എത്തിയ പൊലീസ് ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

എന്നാല്‍ വെടിവെപ്പിന്റെ വിവരം ബാര്‍ ഉടമകള്‍ പൊലീസിനെ അറിയിച്ചില്ല. ബാര്‍ അധികൃതര്‍ സംഭവം മറച്ചുവെച്ച് വീണ്ടും പ്രവര്‍ത്തനം തുടരുകയായിരുന്നു. ഏഴ് മണിയോടെയാണ് ബാര്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഫൊറന്‍സിക് സംഘം നാളെ ബാറില്‍ പരിശോധന നടത്തും.

രണ്ട് മണിയോടെയായിരുന്നു പ്രതികള്‍ ബാറിലെത്തിയത്. തുടര്‍ന്ന് മുന്ന് മണിയോടെ പുറത്തേക്കിറങ്ങിയ പ്രതികള്‍ റിസപ്ഷന്റെ അടുത്തെത്തിയപ്പോള്‍ പ്രത്യേകിച്ച് പ്രകോപനം ഒന്നും തന്നെ ഇല്ലാതെ കയ്യിലിരുന്ന തോക്ക് ഉപയോഗിച്ച് മുകളിലേക്ക് രണ്ട് റൗണ്ട് വെടിവെക്കുകയായിരുന്നുവെന്നാണ് ബാര്‍ അധികൃതര്‍ നല്‍കുന്നവിവരം.

അതേസമയം, സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം വിവരമറിയിച്ചതിനാല്‍ പ്രതികള്‍ കടന്ന് കളഞ്ഞതായാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.

Content Highlight: Gun shoot at a bar hotel in Kundanur, Kochi