ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ ഇറാന്റെ നടപടി തള്ളി ജി.സി.സി; സ്വതന്ത്ര നാവിക സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം
World News
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ ഇറാന്റെ നടപടി തള്ളി ജി.സി.സി; സ്വതന്ത്ര നാവിക സ്വാതന്ത്ര്യം വേണമെന്ന് ആവശ്യം
ആദര്‍ശ് എം.കെ.
Wednesday, 29th April 2026, 8:18 pm

ജിദ്ദ: ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഫീസ് ഈടാക്കാനുള്ള ഇറാന്റെ നീക്കത്തെ അപലപിച്ച് ഗള്‍ഫ് നേതാക്കള്‍. ജി.സി.സി ഈ നീക്കത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്തു.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന കണ്‍സള്‍ട്ടേറ്റീവ് മീറ്റിങ്ങിലാണ് ജി.സി.സി നേതാക്കള്‍ ഈ സുപ്രധാന നിലപാട് സ്വീകരിച്ചത്.

ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമങ്ങള്‍ നിയമവിരുദ്ധമാണെന്ന് ജി.സി.സി നേതാക്കള്‍ വിമര്‍ശിച്ചു. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും, കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ തങ്ങളുമായി ഏകോപിപ്പിക്കണമെന്നും ഫീസ് നല്‍കണമെന്നുമാണ് ഇറാന്റെ ആവശ്യം.

ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതവും തടസ്സമില്ലാത്തതുമായ നാവിക സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ജി.സി.സി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നേരിടാന്‍ ഒരു സംയുക്ത മുന്നറിയിപ്പ് സംവിധാനം ഒരുക്കുന്നതിനും, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത എണ്ണ-വാതക പൈപ്പ്ലൈന്‍ നിര്‍മിക്കുന്നതിനും ആവശ്യമായ ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ നേതാക്കള്‍ ഉത്തരവിട്ടു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ ഗതാഗത പാതകളില്‍ ഒന്നാണ് ഹോര്‍മുസ് കടലിടുക്ക്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഇറാന്‍, യുഎസ്, ഇസ്രഈല്‍ എന്നിവര്‍ക്കിടയില്‍ ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യം മുതല്‍ ഈ ജലപാതയില്‍ തടസങ്ങള്‍ നേരിട്ടിരുന്നു.

 

Content Highlight: Gulf leaders urge not to charge fees for ships passing through Hormuz

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.