അഹമ്മദാബാദ്: “ഏറ്റുമുട്ടല്‍ സ്‌പെഷലിസ്റ്റ്” എന്നറിയപ്പെടുന്ന തരുണ്‍ ബറോട്ടിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ഗുജറാത്ത് സര്‍ഗക്കാര്‍ തീരുമാനം. ഇസ്രത് ജഹാന്‍, സാദിഖ് ജമാല്‍ മെഹ്തര്‍ ഏറ്റുമുട്ടല്‍ കേസുകളില്‍ ജാമ്യത്തില്‍ കഴിയുകയാണ് തരുണ്‍ ബറോട്ടിപ്പോള്‍.

തരുണ്‍ ബറോട്ട് വിരമിക്കാന്‍ വെറും രണ്ടുവര്‍ഷം ബാക്കിയിരിക്കെയാണ് ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വഡോദര വെസ്‌റ്റേണ്‍ റെയില്‍വേയിലെ ഡി.വൈ.എസ്.പിയായാണ് ബറോട്ടിനെ നിയമിച്ചിരിക്കുന്നത്.

ഷോഹറാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെയും സര്‍വ്വീസില്‍ തിരിച്ചെടുത്തിട്ടുണ്ട്. ബി.ആര്‍ ചൗബേയെ സ്റ്റേറ്റ് റിസര്‍വ്വ് പൊലീസ് ഫോഴ്‌സ് ഡി.വൈ.എസ്.പിയായാണ് തിരിച്ചുകൊണ്ടുവന്നിരിക്കുന്നത്.

എല്ലാം ദൈവത്തിന്റെ കാരുണ്യമാണെന്നാണ് ബറോട്ട് പുതിയ നിയമനത്തെക്കുറിച്ച് പറഞ്ഞത്.