2013-ൽ പുറത്തിറങ്ങിയ ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തേക്ക് കടന്നുവന്ന ഗായികയും സംഗീതസംവിധായികയുമാണ് ഗൗരി ലക്ഷ്മി. സ്വന്തമായി വരികളെഴുതി ഈണം നൽകി ആലപിക്കുന്ന ഗൗരി, മുറിവ്, കനവുകൾ, തരംഗമായി മാറിയ എന്റെ പേര് പെണ്ണ് തുടങ്ങിയ സ്വതന്ത്ര ഗാനങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടു.

തന്റെ ഗാനങ്ങൾക്കും നിലപാടുകൾക്കും നേരെ നിരന്തരം ഉയരുന്ന വിമർശനങ്ങളെയും സൈബർ ആക്രമണങ്ങളെയും വളരെ തന്റേടത്തോടെ നേരിടുന്ന വ്യക്തി കൂടിയാണ് അവർ. തനിക്കെതിരെ വരുന്ന അധിക്ഷേപങ്ങളെപ്പോലും സ്വന്തം സർഗാത്മകതയിലേക്ക് കലർത്തി പാട്ടുകളാക്കി മാറ്റുന്ന ഗൗരി, സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെയും ട്രോളുകളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ്. അസ്‌ല മാർലി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗായിക.

ഗൗരി ലക്ഷ്മി.photo.X

‘എന്റെ കാര്യത്തിൽ ആളുകൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമത്തേത് എന്റെ വസ്ത്രധാരണമാണ്, പിന്നെ എന്റെ മുഖഭാവവും. അതായത്, ഇത്രയും ചീത്ത കേട്ടിട്ടും ഇവളുടെ മുഖത്ത് നാണക്കേടോ വിഷമമോ ഒന്നുമില്ലാതെ എങ്ങനെയാണ് ഇത്രയും ഉളുപ്പില്ലാതെ വന്നു നിൽക്കുന്നത് എന്നൊക്കെയാണ് സോഷ്യൽ മീഡിയ വഴി ആളുകൾ ചോദിക്കുന്നത്.

പിന്നെ കമന്റുകൾക്ക് റിപ്ലൈ കൊടുക്കുമ്പോൾ, എന്തിനാ ഇങ്ങനെ റിപ്ലൈ കൊടുക്കുന്നത്, എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ലേ എന്നും ചോദിക്കും. അതായത്, നമ്മൾ അതിൽ തളരുകയോ അല്ലെങ്കിൽ പ്രതികരിക്കുകയോ ചെയ്യാതിരിക്കുമ്പോൾ ഇവർക്ക് കൂടുതൽ ദേഷ്യം വരികയാണ് ചെയ്യുക. ഒരു പെൺകുട്ടി, നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ എനിക്ക് നല്ല ബോധ്യമുണ്ട് എന്ന രീതിയിൽ അതിലൊന്നും ബാധിക്കപ്പെടാതെ നിൽക്കുന്നത് കാണുമ്പോൾ അവർക്ക് സഹിക്കാൻ പറ്റില്ല. ഒന്നുകിൽ നമ്മൾ പിറ്റേ ദിവസം വന്നിട്ട് അയ്യോ, ഞാൻ ഇന്നലെ കമന്റുകളൊക്കെ വായിച്ചിട്ട് ഉറങ്ങിയില്ല എന്നൊക്കെ പറഞ്ഞ് കരഞ്ഞു കാണിച്ചാൽ കുറച്ചുപേർ അവരുടെ അഭിപ്രായം മാറ്റി പിന്തുണയ്ക്കാൻ വരും.

ഈ അടുത്ത കാലത്ത് ഒരാൾ വന്ന് കമന്റ് ഇട്ടിട്ടുണ്ടായിരുന്നു, ഞാൻ ഗൗരിയെ ഈ അടുത്ത ദിവസം റോഡിൽ വെച്ച് കണ്ടു, എന്നിട്ട് ഞാൻ അവരോട് ചിരിച്ചില്ല, അവർക്ക് ഭയങ്കര ജാഡയാണ് എന്ന്. എനിക്ക് അവർ ആരാണെന്ന് പോലും അറിയില്ല, അപ്പോൾ നമ്മൾ എപ്പോഴും ഇങ്ങനെ ചിരിച്ചുകളിച്ച് പ്ലസന്റ് ആയിട്ട് നിൽക്കുക എന്നതൊക്കെ ഇപ്പോൾ എന്തോ വലിയ ഉത്തരവാദിത്തം പോലെയാണ്,’ ഗൗരി ലക്ഷ്മി പറഞ്ഞു.

ഗൗരി ലക്ഷ്മി.photo.screen grab/youtube

Content Highlight: Gowry Lekshmi talks about cyberattacks and her response to them