കേരളത്തിൽ നടക്കുന്ന പരിപാടികളിൽ മലയാളികൾക്കിടയിൽ ഇംഗ്ലീഷിൽ സംസാരിക്കുന്ന രീതിയെക്കുറിച്ച് പ്രതികരിച്ച് നടി ഉർവശി. ആശ മൂവിയുടെ പ്രസ് മീറ്റിനിടെയായിരുന്നു ഉർവശിയുടെ പരാമർശം. മലയാളികൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ മലയാളത്തിൽ തന്നെ സംസാരിക്കുന്നതാണ് കൂടുതൽ സ്വാഭാവികമെന്ന നിലപാടാണ് താരം പങ്കുവെച്ചത്.
‘കൊച്ചേ, കേരളത്തിൽ വന്നുകൊണ്ട് മലയാളികൾ ഇത്ര വലിയ സംഭവമാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ എന്തിനാണ് ഇങ്ങനെ കടുക് വറക്കുന്നത്. മലയാളികളല്ലേ ഇവിടെ നിൽക്കുന്ന എല്ലാവരും,’ ഉർവശി പ്രതികരിച്ചു.

ഉർവശി.Photo. Screen grab/ Youtube
ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് തിരക്കിട്ട് എത്തിയതിനാലാകാം അവരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതെന്ന് താൻ ആദ്യം കരുതിയെന്നും ഉർവശി പറഞ്ഞു. എന്നാൽ അതിനിടെ തന്നോടും ഇംഗ്ലീഷിൽ സംസാരിക്കാൻ ആവശ്യപ്പെടുന്നതിനെക്കുറിച്ചും താരം തമാശയായി പ്രതികരിച്ചു.
‘ഞാൻ വിചാരിച്ചു ഐശ്വര്യ ലക്ഷ്മി ചെന്നൈയിൽ നിന്ന് ബിസിയായിട്ട് വന്നതുകൊണ്ട് അവളോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതായിരിക്കും എന്ന്. എന്നെയും ഇംഗ്ലീഷിൽ പറഞ്ഞ് അറ്റാക്ക് ചെയ്യുകയാണ്. നിങ്ങൾ എന്താ റിയാക്ട് ചെയ്യാത്തെ പിള്ളേരേ, എന്നെ ഒന്ന് രക്ഷപ്പെടുത്ത്,’ എന്നും ഉർവശി പറഞ്ഞു.
നമ്മുടെ നാട്ടിൽ, നമ്മുടെ സദസ്സിൽ സംസാരിക്കുമ്പോൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ മലയാളത്തിൽ തന്നെ സംസാരിച്ചാൽ മതിയെന്നും ഉർവശി കൂട്ടിച്ചേർത്തു. ‘മലയാളം അറിയുന്നവർ ആണല്ലോ ഇവിടെ ഉള്ളതും കാണുന്നത് ഒക്കെ,’ എന്നും താരം പറഞ്ഞു.

ഉർവശി.Photo. Screen grab/ Youtube
പുതുമുഖ സംവിധായകനായ സനൽ സഫർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആശ. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഉർവശി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Urvashi reacts to the anchor during the ‘Aasha’ movie press meet
