മറ്റ് ഭാഷകളിലെ സിനിമകളിൽ നിന്ന് നിരവധി അവസരങ്ങൾ വന്നിട്ടും താൻ അഭിനയിക്കാത്തതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് നടൻ ആസിഫ് അലി. നിരവധി കഥകൾ കേൾക്കുകയും ചില സിനിമകൾ കാസ്റ്റിങ് ഘട്ടം വരെ etthukayum ചെയിട്ടുണ്ട്. മലയാള സിനിമയിൽ തന്നെ ചെയ്യാൻ ഒരുപാട് സിനിമകളുണ്ടെന്ന് പറയുകയാണ് നടൻ ആസിഫ് അലി പറഞ്ഞു. കൈരളി ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘നല്ല സിനിമകൾ ഉണ്ടാകുന്നത് നമ്മുടെ ഇൻഡസ്ട്രിയിലാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഏറ്റവും വെറൈറ്റിയായിട്ടുള്ള സിനിമകൾ ഇവിടെ ഉണ്ടാകുന്നുണ്ട്. പിന്നെ ഇത് വിട്ടിട്ട് വേറെ സിനിമകൾ ചെയ്യേണ്ടല്ലോ എന്നുള്ളതാണ് ഒന്നാമത്തെ കാരണം’, താരം പറഞ്ഞു.

ആസിഫ് അലി. Photo. Screen Grab/ Youtube

ഭാഷയോടുള്ള പേടിയാണ് മറ്റു സിനിമകളിൽ അഭിനയിക്കാത്തതിന്റെ മറ്റൊരു കാരണമെന്നും താരം വ്യക്തമാക്കി. മറ്റ് ഭാഷകളിൽ അഭിനയിക്കാൻ താൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നത് തന്റെ ഭാഗത്തുള്ള തെറ്റാണെന്നും ആസിഫ് പറഞ്ഞു. സ്വന്തം ഭാഷയിൽ സംസാരിക്കുമ്പോഴുള്ള സ്വാഭാവികത മറ്റൊരു ഭാഷയിൽ ലഭിക്കുമോ എന്ന ആശങ്കയും തനിക്കുണ്ടെന്ന് നടൻ പറഞ്ഞു.

‘നമ്മുടെ ഭാഷയിലുള്ള ഒരു ഈസിനസ് ഉണ്ടല്ലോ നമ്മൾ സംസാരിക്കുമ്പോ കിട്ടുന്നത്. ഈ ഡയലോഗ് ഓർത്തുവെച്ച് അഭിനയിക്കുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാൻ കൂടി പറ്റില്ല. നമ്മൾ അഭിനയിക്കുന്നതിനിടയിൽ ഡയലോഗ് ഫ്രീയായിട്ട് കിട്ടണം. അഭിനയിക്കുമ്പോൾ എന്തായിരുന്നു ആ ഡയലോഗ് എന്ന് ആലോചിക്കുന്ന ഒരു മുഖം എനിക്ക് വേണ്ട’, ആസിഫ് പറഞ്ഞു.

മറ്റ് ഭാഷകളിൽ നിരവധി മലയാളി താരങ്ങൾ മികച്ച സിനിമകളുടെ ഭാഗമാകുന്നത് കാണുന്നുണ്ടെങ്കിലും ആ പേടി ഇപ്പോഴും മാറിയിട്ടില്ലെന്നും ആസിഫ് പറഞ്ഞു. ഇക്കാര്യത്തിൽ ഫഹദ് ഫാസിലിനോടാണ് താൻ ഏറ്റവും കൂടുതൽ ചോദിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കി.

‘മറ്റ് ഭാഷകളിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ഫഹദിനോട് സംസാരിച്ചപ്പോൾ, ‘നീ എന്തിനാണ് അങ്ങനെ ചോദിക്കുന്നത്’ എന്നാണ് ഫഹദ് ചോദിക്കാറുള്ളത്. തനിക്ക് ചെറിയൊരു പേടിയുണ്ടെന്ന് പറയുമ്പോൾ, ‘പേടിയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടേയില്ല’ എന്നാണ് ഫഹദ് പറയാറുള്ളത്,’ ആസിഫ് പറഞ്ഞു.

ആസിഫ് അലി. Photo. Screen Grab/ Youtube

‘ചിലപ്പോൾ അതിനെക്കുറിച്ച് ചിന്തിച്ചതുകൊണ്ടായിരിക്കും എനിക്ക് പേടി വന്നത്. എന്താണെന്ന് അറിയില്ല, എനിക്ക് ചെറിയൊരു പേടിയുണ്ട്’, ആസിഫ് കൂട്ടിച്ചേർത്തു.

Content Highlight: Asif Ali opens up about why he hasn’t acted in other-language films