കൊച്ചി:  സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശന ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. ഉപാധികളോടെയാണ് ഹൈക്കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കോടതി പറഞ്ഞു.

എംബിബിഎസ് ഡന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണം. മാനേജ്‌മെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. അപേക്ഷകരുടെ റാങ്ക് പ്രവേശനത്തിന് മാനദണ്ഡമാക്കണം. അപേക്ഷയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. പ്രോസ്‌പെക്ടസിന് പ്രവേശന മേല്‍നോട്ട സമിതിയുടെ അനുമതി വേണമെന്നും ഉത്തരവില്‍ പറയുന്നു.

പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഇങ്ങനെ അപേക്ഷിച്ചവരുടെ എല്ലാ വിവരങ്ങളും ജയിംസ് കമ്മിറ്റിക്ക് കൈമാറണം. പ്രവേശനത്തില്‍ വീഴ്ചയുണ്ടോയെന്ന് ജെയിംസ് കമ്മിറ്റിക്ക് പരിശോധിക്കാന്‍ കഴിയുമെന്നും കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കോടതി വിധി സ്വാഗതാര്‍ഹമാണ് സ്വകാര്യ മാനേജ്‌മെന്റ് അധികൃതര്‍ പ്രതികരിച്ചു.