കൊച്ചി: ബസ് ഓടിക്കുന്നവര്‍ റോഡിലെ തമ്പുരാക്കന്മാര്‍ അല്ലെന്ന് ഹൈക്കോടതി. നഗരത്തിലെ റോഡുകള്‍ കൊലക്കളങ്ങള്‍ക്ക് സമാനമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഗരത്തിലെ റോഡുകളുടെ അവസ്ഥയെക്കുറിച്ചുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

കഴിഞ്ഞ ദിവസം ബസ് ജീവനക്കാര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണി മുഴക്കിയ സംഭവവും കോടതി ചൂണ്ടിക്കാട്ടി. നഗരത്തില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ക്ക് പാതയുടെ ഇടത് വശത്ത് കൂടി മാത്രമേ സഞ്ചരിക്കാന്‍ അനുവാദമുള്ളുവെന്നിരിക്കെ എങ്ങനെ മറ്റ് വാഹനങ്ങളെ മറികടക്കാന്‍ കഴിയുമെന്നും കോടതി വാക്കാല്‍ ചോദിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. നഗരത്തില്‍ ബസുകളടക്കം വലിയ വാഹനങ്ങള്‍ നടത്തുന്ന അപകടപ്പാച്ചില്‍ തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് കഴിഞ്ഞ വര്‍ഷം കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.

സുരക്ഷിതമായ റോഡുകള്‍ മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. അതേസമയം സര്‍വീസ് നടത്തുന്നതിനിടെ ബസ് വഴിയിലുപേക്ഷിച്ച് ഇറങ്ങിപ്പോയ ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചി ഇടപ്പള്ളിയിലായിരുന്നു സംഭവം.

ക്ലിനറുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരുമായി സര്‍വീസ് നടത്തുന്നതിനിടിയില്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ട് പോവുകയായിരുന്നു. തൃശ്ശൂര്‍ സ്വദേശി രജീഷിന്റെ ലൈസന്‍സാണ് എറണാകുളം ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തത്.

Content Highlight: Bus drivers are not the lords of the road; who gave them permission to intimidate smaller vehicles? — High Court