കോഴിക്കോട്: എട്ട് മാസത്തെ ശമ്പള കുടിശ്ശിക അടക്കം ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങള്‍ അടിയന്തരമായി നല്‍കാന്‍ മാധ്യമം മാനേജ്മെന്റ് തയ്യാറാകണമെന്ന് എം.കെ. രാഘവന്‍ എം.പി. മാധ്യമത്തിലെ ശമ്പള നിഷേധത്തിനെതിരെ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികള്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിക്കാതെ വന്നാല്‍ പോലും അവരുടെ കുടുംബത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എല്ലാവര്‍ക്കും അറിയാമെന്നും അതിനാല്‍ എട്ടുമാസത്തെ ശമ്പളം ലഭിക്കാത്ത അവസ്ഥ എത്ര വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോയെന്നും എം.പി പറഞ്ഞു.

‘തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിട്ട് പോലും പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റ് തയാറായില്ലെന്നാണ് അറിഞ്ഞത്. കഴിഞ്ഞ ദിവസം മന്ത്രി നേരിട്ട് തന്നെയാണ് ഈ വിഷയം സൂചിപ്പിച്ചത്. ഓണക്കാലത്ത് പ്രശ്‌നം തീര്‍ക്കുന്നതിനായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ചില പരിഹാര നിര്‍ദേശങ്ങള്‍ മാനേജ്മെന്റിന് മുന്നില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്നാണ് ബിന്ദു കൃഷ്ണ അറിയിച്ചത്,’ അദ്ദേഹം പറഞ്ഞു.

മാധ്യമത്തിലെ തൊഴിലാളികള്‍ക്ക് ദൈനംദിന ചെലവുകള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതുണ്ടെന്നും ലഭിക്കുന്ന ശമ്പളം കൊണ്ടുപോലും ജീവിക്കാന്‍ പ്രയാസപ്പെടുന്ന കാലഘട്ടത്തില്‍ മാസങ്ങളോളം ശമ്പളം ലഭിക്കാതെ വരുന്നത് ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഗുരുതരമായാണ് ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാവര്‍ക്കും ജീവിക്കണം. ജീവനക്കാര്‍ മാത്രമല്ല, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്. ഇക്കാര്യം മാനേജ്മെന്റ് ഗൗരവത്തോടെ കാണണം. പ്രശ്‌നം പരിഹരിക്കാന്‍ മാനേജ്മെന്റ് തന്നെ മുന്‍കൈയെടുത്ത് ചര്‍ച്ചയ്ക്ക് തയ്യാറാകണം. ജീവനക്കാരുടെ ഭാഗത്ത് യാതൊരു ദുരഭിമാനത്തിന്റെയും പ്രശ്‌നമില്ല. അവര്‍ ആവശ്യപ്പെടുന്നത് മാന്യമായ പരിഹാരം മാത്രമാണ്.

നിയമപരമായും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ മാനുഷികമായ സമീപനം സ്വീകരിക്കുകയാണ് മാനേജ്മെന്റ് ചെയ്യേണ്ടത്. മാധ്യമത്തിലെ പല പത്രപ്രവര്‍ത്തകരും സാമൂഹികബോധവും പ്രതിബദ്ധതയും മുന്‍നിര്‍ത്തി ഗവണ്‍മെന്റ് നിയമനങ്ങള്‍ ലഭിച്ചിട്ടുപോലും അതുപേക്ഷിച്ച് ഇവിടെ ജോലിക്ക് വന്നവരാണ്. അവരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണവും മാനേജ്മെന്റ് തിരിച്ചറിയണം,’ എം.പി പറഞ്ഞു.

ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഗൗരവത്തോടെ പരിഗണിച്ച് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും സമരത്തിന് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നതായും എം.പി കൂട്ടിച്ചേര്‍ത്തു.

എട്ടാം ദിവസത്തെ സമരം എ.ഐ.യു.ടി.യു.സി ജില്ല പ്രസിഡന്റ് പി.എം. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധ സമിതി പ്രതിനിധി ഡോ. എം. ജ്യോതിരാജ്, കെ.എന്‍.ഇ.എഫ് ജില്ല സെക്രട്ടറി രതീഷ് ചാലിയാടത്ത് (മാതൃഭൂമി) എന്നിവര്‍ സംസാരിച്ചു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് കെ. രാജീവ് സമര പന്തലിലെത്തി ഐകൃദാര്‍ഢ്യം അറിയിച്ചു.

Content Highlights: Outstanding salaries of Madhyamam employees must be paid immediately: M.K. Raghavan MP