തിരുവനന്തപുരം: സി.എം.ആര്‍.എല്‍ – എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ് ഡയരക്ടറേറ്റ് ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയതിന് പിന്നാലെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ മുന്‍കാല നടപടികളും ചര്‍ച്ചയാവുന്നു.

കേന്ദ്ര സര്‍ക്കാരിന് പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ഉപകരണമാണ് ഇ.ഡി എന്നത് അടക്കമുള്ള വിമര്‍ശനങള്‍ സി.പി.ഐ.എം നേതാക്കളില്‍ നിന്ന് ഉയരുന്നുണ്ട്. സര്‍ക്കാരിന്റെ ക്വട്ടേഷന്‍ സംഘമാണെന്നതടക്കമുള്ള വാദങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ ഇടത് അനുകൂലികളും ഉന്നയിക്കുന്നു. രാഷ്ട്രീയ നിരീക്ഷകരും ഇ.ഡി നടപടികള്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണെന്ന് അഭിപ്രായപ്പെടുന്നു.

ഇ.ഡി തങ്ങളുടെ എതിരാളികളെ വേട്ടയാടാനായി ചിലരെ ഭീഷണിപ്പെടുത്തി മാപ്പുസാക്ഷിയാക്കുന്ന രീതി മുന്‍ കാലങ്ങളില്‍ ഉപയോഗിച്ചതായും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദല്‍ഹി മുന്‍ മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കെതിരായ കേസില്‍ ഇ.ഡി മാപ്പുസാക്ഷി മൊഴികളെ പ്രധാന തെളിവുകളായി അവതരിപ്പിച്ച സംഭവമാണ് ഇത്തരത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ദല്‍ഹി മദ്യനയക്കേസിലായിരുന്നു മാപ്പുസാക്ഷി മൊഴികളെ അടിസ്ഥാനമാക്കി ഇ.ഡി മുന്നോട്ട് പോയത്. ഇതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരി 27ന് കേസില്‍ കെജ് രിവാള്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കി പ്രത്യേകകോടതി പുറപ്പെടുവിച്ച ഉത്തരവിലായിരുന്നു ഈ വിമര്‍ശനം.

മാപ്പുസാക്ഷികളായവരുടെ മൊഴി മാത്രം അടിസ്ഥാനമാക്കി ഇത്രയും വലിയ കേസുകള്‍ ഫ്രെയിം ചെയ്തത് കോടതി ചോദ്യം ചെയ്തിരുന്നു. മാപ്പുസാക്ഷികളുടെ മൊഴികള്‍ കഥ പോലെ തോന്നുന്നെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. ‘കഥ എത്ര നല്ലതാണെങ്കിലും അതിനെ തെളിവുകള്‍ക്ക് പകരമായി പരിഗണി ക്കാനാകില്ല’ എന്നും കോടതി നിരീക്ഷിച്ചിരുന്നു.

വൈ.എസ്.ആര്‍.സി.പി നേതാവായിരുന്ന മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി, മകന്‍ രാഘവ് മാഗുണ്ട എന്നിവരടക്കമുള്ളവരെയായിരുന്നു കേസില്‍ ഇ.ഡി മാപ്പുസാക്ഷിയാക്കിയത്. ഹൈദരാബാദില്‍ നിന്നുള്ള വ്യവസായി പി. ശരത് ചന്ദ്ര റെഡ്ഡി, മനീഷ് സിസോദിയയുമായി അടുപ്പമുണ്ടായിരുന്ന ദിനേശ് അറോറ എന്നിവരും മാപ്പുസാക്ഷികളായിരുന്നു.

ബി.ആര്‍.എസ് നേതാവായിരുന്ന കെ. കവിത ആം ആദ്മി പാര്‍ടിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് അരവിന്ദ് കെജ് രിവാള്‍ തന്നോട് പറഞ്ഞുവെന്ന് മാഗുണ്ട ശ്രീനിവാസുലു മൊഴി നല്‍കിയ ശേഷം കേസില്‍ അദ്ദേഹത്തെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. 25 കോടി രൂപ താന്‍ എ.എ.പിയുടെ പ്രതിനിധികള്‍ക്ക് കൈമാറിയെന്ന് മൊഴി നല്‍കിയ രാഘവ് മാഗുണ്ടയെയും മാപ്പുസാക്ഷിയാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ മാഗുണ്ട നല്‍കിയ മൊഴികളില്‍ കെജ്രിവാളിനെതിരെ പരാമര്‍ശമുണ്ടായിരുന്നില്ല. പിന്നീട് നല്‍കിയ മൊഴിയിലായിരുന്നു 100 കോടി വാഗ്ദാനം ചെയ്‌തെന്ന് പറഞ്ഞത്. ഈ മൊഴി നല്‍കിയ ശേഷം രാഘവിന്റെ ജാമ്യാപേക്ഷ കോടതിയില്‍ ഇ.ഡി എതിര്‍ത്തിരുന്നില്ല.

മാഗുണ്ട ശ്രീനിവാസുലു റെഡ്ഡി പിന്നീട് വൈ.എസ്.ആര്‍.പി വിട്ട് എന്‍.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പിയില്‍ ചേര്‍ന്നിരുന്നു. നിലവില്‍ ഓംഗോളില്‍ നിന്നുള്ള ടി.ഡി.പി എം.പിയാണ് റെഡ്ഡി.

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഇ.ഡിയെ പേടിക്കേണ്ടതില്ലെന്ന് സമീപ വര്‍ഷങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇ.ഡിയെ പേടിച്ച് ബി.ജെ.പിയില്‍ ചേരുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എം എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബിയും കഴിഞ്ഞ ദിവസം പ്രതികരിച്ചു. പിണറായിക്കെതിരായ ഇ.ഡി നടപടിയെക്കുറിച്ചായിരുന്നു ബേബിയുടെ പ്രതികരണം. ബി.ജെ.പിയുടെ എക്സ്റ്റന്‍ഡഡ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇ.ഡിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

‘രാഷ്ട്രീയത്തിലുള്ളവര്‍ക്കെതിരെ ഇ.ഡി എന്തൊക്കെ തരം കേസുകളാണ് എടുത്തിട്ടുള്ളത് എന്ന് എല്ലാവര്‍ക്കും അറിയാം. ആര്‍ക്കെതിരെയാണോ കേസ് എടുക്കുന്നത്, അവര്‍ ബി.ജെ.പിയില്‍ ചേരുന്നതോടുകൂടി ആ കേസ് തീരും.

അങ്ങനെ ഇ.ഡിയെ പേടിച്ച് ബി.ജെ.പിയില്‍ ചേരുന്ന നേതാക്കന്മാരുടെ പാര്‍ട്ടിയല്ല സി.പി.ഐ.എം എന്നതാണ് ഇവിടെ ഇ.ഡിക്ക് പറ്റിയ വലിയൊരു അബദ്ധം. ഇക്കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇനി കേരളത്തില്‍ നിന്ന് മനസ്സിലാക്കാന്‍ പോവുകയാണ്,’ എന്നായിരുന്നു ബേബിയുടെ പരാമര്‍ശം.

Content Highlight: Criticisms against Enforcement Directorate from Social media and political Observers