യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കി വരവറിയിച്ചിരിക്കുകയാണ് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്. നോര്‍വീജിയന്‍ ക്ലബ്ബ് എഫ്.കെ ബോഡോയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക് പരാജയപ്പെടുത്തിയത്.

ചാമ്പ്യന്‍സ് ലീഗിലെ ഈ സീസണില്‍ കളത്തിലിറങ്ങിയതിയോടെ ഒരു ചരിത്രനേട്ടമാണ് ബയേണിന്റെ ജര്‍മന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയര്‍. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ സീസണുകളില്‍ കളിക്കുന്ന താരമായാണ് ന്യൂയര്‍ റെക്കോഡിട്ടത്.

ന്യൂയറിന്റെ 18ാം ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആണിത്. 17 സീസണില്‍ ചാമ്പ്യന്‍സ് ലീഗിന്റെ ഭാഗമായ തോമസ് മുള്ളറെ മറികടന്നുകൊണ്ടാണ് ന്യൂയര്‍ ഈ റെക്കോഡ് കൈവരിച്ചത്.

ബയേണ്‍ മ്യൂണിക്കിനൊപ്പം തന്റെ 21ാം ബുണ്ടസ് ലീഗ സീസണിലാണ് ന്യൂയര്‍ പന്തുതട്ടുന്നത്. വി.എഫ്.ബി സ്റ്റുട്ഗര്‍ഡിനെതിരെയുള്ള സീസണിലെ ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ ജര്‍മന്‍ ക്ലബ്ബിനൊപ്പം 600 മത്സരങ്ങളെന്ന ചരിത്ര നേട്ടവും ന്യൂയര്‍ സ്വന്തമാക്കിയിരുന്നു.

ഇതോടെ ബയേണ്‍ മ്യൂണിക്കിനൊപ്പം ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരമായും ന്യൂയര്‍ മാറിയിരുന്നു. തോമസ് മുള്ളര്‍, ഒലിവര്‍ കാന്‍, സെപ് മേയര്‍, ഗെര്‍ഡ് മുള്ളര്‍ എന്നിവരാണ് ന്യൂയറിന് മുമ്പേ ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

2011 മുതല്‍ ബയേണ്‍ മ്യൂണിക്കിന്റെ ഗോള്‍മുഖത്ത് രക്ഷകനായി നിലയുറപ്പിച്ച ന്യൂയര്‍ തന്റെ 40ാം വയസിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി കുതിക്കുകയാണ്.

അതേസമയം എഫ്.കെ ബോഡോക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.

47ാം മിനിട്ടില്‍ ജര്‍മന്‍ യുവതാരം ജമാല്‍ മുസിയാലയാണ് ബയേണ്‍ മ്യൂണിക്കിനായി ആദ്യ ഗോള്‍ നേടിയത്. 61ാം മിനിട്ടില്‍ ഇംഗ്ലണ്ട് താരം ഹാരി കെയ്‌നും 71ാം മിനിട്ടില്‍ കാനഡ താരം അല്‍ഫോന്‍സോ ഡേവിസും ജര്‍മന്‍ ക്ലബ്ബിനായി ലീഡുയര്‍ത്തി.

ഫ്രഞ്ച് താരം മൈക്കല്‍ ഒലീസയുടെ ഇരട്ട ഗോളുകള്‍ കൂടി പിറന്നതോടെ നോര്‍വീജിയന്‍ ക്ലബ്ബിന്റെ പതനം പൂര്‍ത്തിയായി. 83ാം മിനിട്ടിലും ഇഞ്ചുറി ടൈമിലുമായിരുന്നു താരത്തിന്റെ ഗോളുകള്‍ പിറന്നത്.

മത്സരത്തിന്റെ 87ാം മിനിട്ടില്‍ എഫ്.കെ ബോഡോ താരം ഓഡിന്‍ ബോര്‍ടഫ്റ്റ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.

സെപ്റ്റംബര്‍ 13നാണ് ബയേണ്‍ മ്യൂണിക് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ബുണ്ടസ്‌ലീഗയില്‍ എസ്.വി എല്‍വേഴ്‌സ്ബര്‍ഗാണ് ജര്‍മന്‍ വമ്പന്മാരുടെ എതിരാളികള്‍.

 

Content Highlight: Manuel Neuer create a huge record for Bayern Munich in UEFA Champions league