കൊച്ചി: ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമൂഹിക പ്രവര്‍ത്തകനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാടിന്റെ വിവാദ പരാമര്‍ശങ്ങളടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിലക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി.

കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ നല്‍കിയ ഹരജിയിലാണ് താത്ക്കാലികമായി വിലക്കുന്നത് സംബന്ധിച്ച കോടതി നിര്‍ദേശം. ജസ്റ്റിസ് ജി. ഗിരീഷാണ് മെറ്റയ്ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കപിക്കാടിന്റെ പരാമര്‍ശം അയ്യപ്പ ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും കേസ് ഒക്ടോബറില്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. അയ്യപ്പനെയും മാളികപുറത്തമ്മയേയും കുറിച്ചുള്ള കപിക്കാടിന്റെ പരാമര്‍ശങ്ങളാണ് വിവാദമായത്. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയ്ക്ക് മുന്നിലെ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതിനെതിരെ നിരവധി സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. താന്‍ ഉപയോഗിച്ച വാക്കില്‍ ഖേദമുണ്ടെന്നും വിഷയത്തില്‍ മാപ്പ് പറയുന്നതായി കപിക്കാടും പറഞ്ഞിരുന്നു.

Content Highlight: Sunny M. Kapikad’s Sabarimala remarks: High Court directs ban on video.