ഭുവനേശ്വര്‍: കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ക്വാളിഫയര്‍ മാച്ചില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തറപറ്റിച്ച് കേരളത്തിന്റ ഗോകുലം എഫ്.സി സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടി.

ഗോകുലത്തിന്റ തുറുപ്പുചീട്ടായ ഹെന്ററി കിസേക്ക നേടിയ ഇരട്ട ഗോളാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. സൂപ്പര്‍ കപ്പ് നോകൗട്ട് റൗണ്ടില്‍ ഐ.എസ്.എല്‍ ഫൈനലിസ്റ്റുകളായ ബംഗലൂരു എഫ്.സിയാണ് ഗോകുലം കേരളയുടെ എതിരാളികള്‍. എപ്രില്‍ ഒന്നിനാണ് മത്സരം.

തോല്‍ക്കുന്നവര്‍ പുറത്താവുന്ന നോക്കൗട്ട് രീതിയാണ് സൂപ്പര്‍ കപ്പിനുള്ളത്.

അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികളെ ലഭിച്ചത് ഗോകുലത്തിന്റ ആരാധകര്‍ക്ക് നിരാശ പകരും. കേരള ബ്ലാസ്റ്റേഴ്സിന് ശേഷം സൂപ്പര്‍ കപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ കേരളാ ടീമാണ് ഗോകുലം എഫ്.സി.