എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗിലിനെ ബി.ജെ.പിയും കൈവിട്ടു; കസ്തൂരിരംഗന്‍ മതിയെന്ന് കേന്ദ്രം
എഡിറ്റര്‍
Wednesday 27th August 2014 12:22pm

western-ghatt

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത ട്രിബ്യുണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍  വ്യക്തമാക്കി. കസ്തുരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകുമെന്നും കേന്ദ്രം അറിയിച്ചു. തീരുമാനം ഹരിത ട്രിബ്യൂണല്‍ അംഗീകരിച്ചു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കൂടുതല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ ഉള്‍പ്പെടുത്താനാവുമോയെന്ന കാര്യം വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഏതാണ്ട് 56,000 ചതുരശ്ര അടി പ്രദേശങ്ങളെയാണ് പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോയെന്ന് ട്രിബ്യൂണല്‍ ആരാഞ്ഞിരിക്കുന്നത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ കരട് വിജ്ഞാപനം ഇറക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ അറുപതിനായിരം ചതുരശ്ര അടി പ്രദേശമാണ് പരിസ്ഥിതിലോലമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കരട് വിജ്ഞാപനം ഇറക്കിയപ്പോള്‍ ഇത് 56,000 ചതുരശ്ര അടിയായി കുറഞ്ഞു. ഇത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ട്രിബ്യൂണല്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

സെപ്റ്റംബര്‍ ഒന്‍പതിന് കേസ് പരിഗണിക്കുമ്പോഴായിരിക്കും തീരുമാനം സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം വ്യക്തമാവുക.

പശ്ചിമഘട്ട സംരക്ഷണത്തില്‍ ഏത് റിപ്പോര്‍ട്ട നടപ്പാക്കുമെന്ന വ്യക്തമായ നിലപാട് അറിയാക്കത്തതില്‍ പരിസ്ഥിത മന്ത്രാലയത്തെ കഴിഞ്ഞ ദിവസം ട്രിബ്യുണല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബുധനാഴച്ചക്കകം കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നാല്‍ കടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്ന്‌ ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് കേന്ദ്രം അന്തിമതീരുമാനം അറിയിച്ചിരിക്കുന്നത്.

പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നായിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കിയിരുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനമെടുക്കും മുമ്പ് സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചിരുന്നു. പരിസ്ഥിതിലോല മേഖലകളില്‍ ഭൗതികപരിശോധന പൂര്‍ത്തിയായതിനു ശേഷം സംസ്ഥാനങ്ങളുടെ യോഗം വിളിക്കും.

അതേസമയം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചതിനാല്‍ ഗോവഫൗണ്ടേഷന്റെ ഹര്‍ജി തള്ളണമെന്നാണ് കേരളത്തിന്റെ ആവശ്യം.

Advertisement