ഫുട്‌ബോളില്‍ അവന്റെ അടുത്തെത്താന്‍ ആര്‍ക്കും സാധിക്കില്ല: ഡി ജോങ്
Football
ഫുട്‌ബോളില്‍ അവന്റെ അടുത്തെത്താന്‍ ആര്‍ക്കും സാധിക്കില്ല: ഡി ജോങ്
Sudev A
Saturday, 25th April 2026, 12:57 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ പ്രശംസിച്ച് ബാഴ്‌സലോണ താരം ഫ്രാങ്കി ഡി ജോങ്. മെസി ഏറ്റവും മികച്ച താരമാണെന്നും പ്രതിഭയുടെ കാര്യത്തില്‍ മെസിയുടെ അടുത്തെത്താന്‍ മറ്റൊരു താരത്തിനും സാധിക്കില്ലെന്നുമാണ് ഡി ജോങ് പറഞ്ഞത്. ബാഴ്‌സ യൂണിവേഴ്‌സലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാഴ്‌സ താരം.

‘അവന്‍ എപ്പൊഴും എന്റെ പ്രിയപ്പെട്ട താരമാണ്. കുട്ടിക്കാലത്ത് ഞാന്‍ മെസിയുടെ എല്ലാ മത്സരങ്ങളും കണ്ടിരുന്നു. കാരണം അവന്‍ മികച്ചവനാണ്. അതില്‍ എനിക്ക് സംശയമില്ല. എന്നെ സംബന്ധിച്ചിടത്തോളം മെസിയുടെ നിലവാരത്തിലേക്ക് മറ്റൊരു താരവും എത്തുന്നത് ഞാന്‍ ഒരിക്കലും കാണില്ല’, ഡി ജോങ് പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. ബാഴ്‌സയില്‍ കളിച്ചാണ് മെസി ഒരു ഇതിഹാസമായി മാറിയത്.

ബാഴ്‌സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ ഫുട്‌ബോള്‍ യാത്രയാണ് മെസി നടത്തിയത്. ബാഴ്‌സലോണക്കായി 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്. കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്‌ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്‌സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

അതേസമയം രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

Content Highlight: Franki De Jong Talks About Lionel Messi

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.