വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കെ.എൽ. രാഹുലിന് കളിക്കളത്തിൽ സമയം ലഭിക്കാത്തതിന് മികച്ച ഫോമിലുള്ള ടോപ് ഓർഡർ ബാറ്റർമാരെ കുറ്റപ്പെടുത്താനാവില്ലെന്ന് അഭിപ്രായപെട്ട് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്.
രാഹുലിനെ കൂടാതെ രവീന്ദ്ര ജഡേജ പോലെ ഉള്ളവർക്കും സമയം ലഭിക്കണം, എന്നാൽ ഈ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. കാരണം നല്ല പിച്ചുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ടോപ്പ് ഓർഡർ ബാറ്റിങിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ക്രിക്ക്ബസിൽ സംസാരിക്കുകയായിരുന്നു മുൻ താരം.
മിഡിൽ ഓർഡർ ബാറ്റർമാർക്ക് കുറച്ച് സമയം ക്രീസിൽ ചെലവഴിക്കാൻ ആഗ്രഹമുണ്ടാകും. എന്നാൽ നമ്മുടെ ടോപ്പ് ഓർഡർ ബാറ്റിങ് നിര അത്രയേറെ മികച്ചതാണ്. ബാറ്റിങിന് അനുകൂലമായ പിച്ചുകളിൽ അവർ അവസരം വിട്ടുകൊടുക്കില്ല. അത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. പിച്ച് മികച്ചതാണെന്നതോ ബൗളിങ് നിലവാരം ബുദ്ധിമുട്ടിക്കുന്നില്ലെന്നതോ അവരുടെ തെറ്റല്ല. കെ.എൽ. രാഹുലിന് അത് മനസ്സിലാകും, അദ്ദേഹം മുൻപും ബാറ്റിങ് ഓർഡറിൽ താഴെയിറങ്ങി കളിച്ചിട്ടുണ്ട്. അതിനാൽ അടുത്ത മത്സരത്തിൽ അദ്ദേഹത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം,’ ദിനേശ് പറഞ്ഞു.

കെ.എൽ. രാഹുൽ
പരമ്പരയിലെ ഇതുവരെയുള്ള ഭൂരിഭാഗം പന്തുകളും രോഹിത് ശർമ, ശുഭ്‌മൻ ഗിൽ, വിരാട് കോഹ്‌ലി എന്നിവരാണ് നേരിട്ടിട്ടുള്ളത്. നാലാം നമ്പർ ബാറ്ററായ ഋതുരാജ് ഗെയ്ക്വാദിന് റൺവേട്ടയുടെ അവസാനത്തിൽ ചെറിയ വേഷങ്ങൾ ലഭിച്ചിട്ടുണ്ട്.
2025-ലെ ചാമ്പ്യൻസ് ട്രോഫിക്കുശേഷമുള്ള 15 ഏകദിന മത്സരങ്ങളിൽ നാലെണ്ണത്തിൽ രാഹുലിന് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചിട്ടില്ല. അവസാന ഏഴ് ഏകദിന മത്സരങ്ങളിൽ നിന്ന് 37 പന്തുകൾ മാത്രമേ അദ്ദേഹം നേരിട്ടിട്ടുള്ളൂ, അതിൽ ഒന്ന് മാത്രമാണ് രണ്ടക്കത്തിൽ എത്തിക്കാൻ കഴിഞ്ഞത്.
ജനുവരിയിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടിയതിന് ശേഷം കെ.എൽ. രാഹുൽ ഐ.സി.സി ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ പത്താം സ്ഥാനം നിലനിർത്തിയിരുന്നു. എന്നാൽ മോശം പ്രകടനങ്ങളും കളിക്കളത്തിൽ സമയക്കുറവും കാരണം അദ്ദേഹം ഇപ്പോൾ 17-ാം സ്ഥാനത്തേക്ക് താഴ്ന്നു.
Content Highlights: Former Indian cricketer Dinesh Karthik opined that top-order batters in fine form cannot be blamed for KL Rahul’s lack of game time in the ODI series against the West Indies
