സമ്മര്‍ദത്തില്‍ ഒരു കളിക്കാരനും പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ല; സഞ്ജുവിനെ പിന്തുണച്ച് ഗാംഗുലി
Cricket
സമ്മര്‍ദത്തില്‍ ഒരു കളിക്കാരനും പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ല; സഞ്ജുവിനെ പിന്തുണച്ച് ഗാംഗുലി
ശ്രീരാഗ് പാറക്കല്‍
Saturday, 14th February 2026, 8:34 am

 

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ മേധാവിയുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീം ശക്തമാണെന്നും വലിയ മാറ്റങ്ങളുടെ ആവശ്യമില്ലെന്നും ഗാംഗുലി പറഞ്ഞു.

അഭിഷേക് ശര്‍മ ഫിറ്റാണെങ്കില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജുവിന് പകരം ടീമിലെത്തണമെന്നും എന്നാല്‍ സഞ്ജു വളരെ മികച്ച താരമാണെന്നും സ്ഥിരമായി അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സമ്മര്‍ദത്തില്‍ ഒരു കളിക്കാരനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ലെന്നും ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് കൂടുതല്‍ സമയം നല്‍കേണ്ടത് പ്രധാനമാണെന്നും ഗാംഗുലി എടുത്തുപറഞ്ഞു.

സഞ്ജു സാംസണ്‍ – Photo: bcci

‘ഇന്ത്യന്‍ ടീം ശക്തവും സന്തുലിതവുമാണ്, അതിനാല്‍ വലിയ മാറ്റങ്ങളുടെ ആവശ്യമില്ല. എല്ലാം അഭിഷേക് ശര്‍മയുടെ ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കുന്നു. അഭിഷേക് കളിക്കാന്‍ ഫിറ്റാണെങ്കില്‍, സഞ്ജുവിന് പകരം അദ്ദേഹം ടീമില്‍ ഇടം നേടിയേക്കാം, അതേസമയം ടീമിലെ മറ്റുള്ളവര്‍ അതേപടി തുടരണം.

സഞ്ജു വളരെ മികച്ച കളിക്കാരനാണ്, സ്ഥിരമായി അവസരങ്ങള്‍ അര്‍ഹിക്കുന്നു. രണ്ട് പരാജയങ്ങള്‍ കാരണം പുറത്താകേണ്ടിവരുന്ന സമ്മര്‍ദത്തില്‍ ഒരു കളിക്കാരനും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയില്ല. ഫോം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് കൂടുതല്‍ സമയം നല്‍കേണ്ടത് പ്രധാനമാണ്.

എല്ലാത്തിനുമുപരി, ഒരു വര്‍ഷം മുമ്പ് അദ്ദേഹം ടി-20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി. അത് അസാധ്യ കഴിവാണ്, അദ്ദേഹത്തിന് അര്‍ഹിക്കുന്ന സമയം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ഗാംഗുലി ഇന്ത്യ ടുഡേയോട് പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ നമീബിയക്കെതിരെ ഓപ്പണറായി സഞ്ജു സാംസനാണ് കളത്തിലിറങ്ങിയത്. അസുഖബാധിതനായ ഓപ്പണര്‍ അഭിഷേക് ശര്‍മ കളത്തില്‍ ഇറങ്ങിയില്ലായിരുന്നു. വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെയാണ് മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണിങ് പൊസിഷനില്‍ തിരിച്ചെത്തിയത്.

നമീബിയക്കെതിരെ വെറും എട്ട് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 22 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്. പാകിസ്ഥാനെതിരായ മത്സരത്തില്‍ അഭിഷേക് കളത്തിലറങ്ങുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. അഭിഷേക് ഫിറ്റല്ലെങ്കില്‍ സഞ്ജു ഓപ്പണിങ്ങില്‍ ഇറങ്ങും.

അതേസമയം 2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു.

Content Highlight: Former Indian Captain Sourav Ganguly Support’s Sanju Samson

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ