വിജയ് ആരാധകരെ ആവേശത്തിലാക്കി ലോകേഷ് കനകരാജ്. ദളപതിയുടെ ജന്മദിനത്തിന് കൃത്യം ഒരാഴ്ച ബാക്കിനില്‍ക്കെ, വിജയ് നായകനായ ലിയോയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരു അപ്ഡേറ്റിന്റെ സൂചന നല്‍കിയിരിക്കുകയാണ്.

തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയായിരുന്നു ആ സൂചന.

‘റെഡി ആഹ്?’ എന്നായിരുന്നു ലോകേഷിന്റെ ആദ്യ പോസ്റ്റ്. ലിയോയുടെ അപ്ഡേറ്റുകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ആരാധകരോടുള്ള ഒരു ചോദ്യം പോലെയായിരുന്നു ആ പോസ്റ്റ്. ലോകേഷിന്റെ ആദ്യ പോസ്റ്റ് വന്ന് കൃത്യം ഒരു മണിക്കൂറിന് ശേഷം റെഡിയാണ് എന്ന മറുപടിയോടു കൂടി വിജയ് ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ ലിയോയുടെ ആദ്യ ഗാനം റിലീസാകും. ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ തീയായി ആളിപ്പടരുകയാണിപ്പോള്‍. ജൂണ്‍ 22നാണ് വിജയ്‌യുടെ പിറന്നാള്‍. അന്ന് ഗാനം റിലീസ് ചെയ്യും.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യുന്ന ഗാനത്തില്‍ ആയിരത്തിലധികം നര്‍ത്തകര്‍ക്കൊപ്പമാണ് വിജയ് അഭിനയിച്ചിരിക്കുന്നത് എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

അടുത്തിടെ ചിത്രീകരിച്ച ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആയിരിക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. ഡി.ഒ.പി: മനോജ് പരമഹംസ, ആക്ഷന്‍: അന്‍പറിവ്, എഡിറ്റിങ്: ഫിലോമിന്‍ രാജ്, ആര്‍ട്ട്: എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി: ദിനേഷ്, ഡയലോഗ്: ലോകേഷ് കനകരാജ്, രത്നകുമാര്‍, ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാം കുമാര്‍ ബാലസുബ്രഹ്മണ്യന്‍. ഒക്ടോബര്‍ 19ന് ലിയോ ലോകമെമ്പാടുമുള്ള  തിയേറ്ററുകളില്‍ എത്തും. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

content highlights: first song from Lokesh Kanakaraj and Vijay collaboration Leo’s to be released on Vijay’s birthday