ആരെയും ഭാവഗായകനാക്കും...ഇതിഹാസത്തെ മലയാളത്തില്‍ വര്‍ണിച്ച് ഫിഫയുടെ പോസ്റ്റ്
Football
ആരെയും ഭാവഗായകനാക്കും...ഇതിഹാസത്തെ മലയാളത്തില്‍ വര്‍ണിച്ച് ഫിഫയുടെ പോസ്റ്റ്
സുദേവ് എ
Saturday, 15th August 2026, 7:08 am

മലയാളി ഫുട്‌ബോള്‍ പ്രേമികളെ വീണ്ടും ആവേശത്തിലാക്കി ഫിഫയുടെ പോസ്റ്റ്. ഇത്തവണ കൊളംബിയന്‍ ഇതിഹാസ താരം ഹാമിഷ് റോഡ്രിഗസിനെ വര്‍ണിച്ചുകൊണ്ടുള്ള പോസ്റ്റാണ് ഫിഫയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

2014ല്‍ ബ്രസീലിയന്‍ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഉറുഗ്വേക്കെതിരെ ഹാമിഷ് നേടിയ മനോഹരമായ ഒരു ഗോളിന്റെ വീഡിയോയാണ് ഫിഫ പങ്കുവെച്ചത്. 1986ല്‍ പുറത്തിറങ്ങിയ ‘നഖക്ഷതങ്ങള്‍‘ എന്ന സിനിമയിലെ ഗാനത്തിലെ വരികളാണ് ഫിഫ പങ്കുവെച്ചത്. ‘ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണ് നീ’ എന്ന വരികള്‍ വീഡിയോക്ക് മുകളില്‍ എഴുതിക്കൊണ്ടായിരുന്നു ഫിഫയുടെ പോസ്റ്റ്.

കമന്റ് ബോക്‌സുകളിലല്ലാം മലയാളികളുടെ ഫുട്‌ബോള്‍ ആവേശം നിറഞ്ഞുനിന്നു. പോസ്റ്റ് പുറത്ത് വന്ന് നിമിഷ നേരം കൊണ്ട് തന്നെ മലയാളി ഫുട്ബോള്‍ ആരാധകരുടെ ലൈക്കുകളും കമന്റുകളും സോഷ്യല്‍ മീഡിയയി നിറഞ്ഞു നിന്നു.

2014 ലോകകപ്പിലെ ഏറ്റവും മികച്ച ഗോളാണ് ഫിഫ പങ്കുവെച്ചത്. ഉറുഗ്വേയുടെ പോസ്റ്റിന്റെ 25 വാര അകലെ നിന്നും ഒരു തകര്‍പ്പന്‍ കിക്കിലൂടെയാണ് ഹാമിഷ് ഗോള്‍ നേടിയത്. ഹാമിഷിന്റെ ഷോട്ടില്‍ പന്ത് ഉറുഗ്വേ പോസ്റ്റില്‍ തട്ടി ഗോള്‍ കീപ്പറെ മറികടന്ന് ലക്ഷ്യത്തിലെത്തുകയായിരുന്നു.

ബ്രസീലിയന്‍ മണ്ണില്‍ നടന്ന ലോകകപ്പില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയതും റോഡ്രിഗസ് ആയിരുന്നു. ആ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടികൊണ്ടായിരുന്നു താരം ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

അതേസമയം ഇതിന് മുമ്പും ഇത്തരത്തില്‍ മലയാളത്തില്‍ എഴുതിയ പോസ്റ്റുമായി ഫിഫ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. 2022 ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് കേരളത്തില്‍ സ്ഥാപിച്ച സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണൽ മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ ഫിഫ പങ്കുവെച്ചിരുന്നു. കേരളത്തിലെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളുടെ ചിത്രങ്ങളായിരുന്നു ഫിഫ അന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

 

Content Highlight: FIFA’s post describes Colombian legend James Rodriguez in Malayalam

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.