ജറുസലേം: ജറുസലേമിലെ പഴയ നഗരത്തില്‍ ജൂത പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തുന്നതിനായി അന്‍പതിലേറെ ഫലസ്തീന്‍ കടകള്‍ ഇസ്രഈല്‍ സേന നിര്‍ബന്ധപൂര്‍വ്വം അടപ്പിച്ചു. ജൂത ഉത്സവമായ ‘സുക്കോത്ത്’ ആഘോഷങ്ങളുടെ ഭാഗമായാണ് നടപടി. ഒക്ടോബര്‍ രണ്ട് വരെ അടച്ചുപൂട്ടല്‍ തുടരുമെന്നാണ് വിവരം.
അല്‍-അഖ്‌സ പള്ളിയിലേക്കുള്ള പ്രധാന പാതകളിലൊന്നായ ‘ബാബ് അല്‍-ഖത്താനീന്‍’ (പരുത്തി വ്യാപാരികളുടെ കവാടം) ഉള്‍പ്പെടുന്ന മുസ്‌ലിം ക്വാര്‍ട്ടറിലെ കടകളാണ് അടപ്പിച്ചത്. ഇതോടൊപ്പം പ്രദേശത്തെ ഫലസ്തീനികളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാനും ഇസ്രഈല്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അല്‍-അഖ്‌സ പള്ളിയിലേക്കുള്ള പ്രവേശനം ഇസ്രഈല്‍ സേന കടുപ്പിച്ചിരിക്കുകയാണ്.
അവധി ദിവസങ്ങളുടെ മറവില്‍ ഫലസ്തീനികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതും വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിക്കുന്നതും പതിവായിരിക്കുകയാണെന്ന് ജറുസലേം ഗവര്‍ണറേറ്റ് വ്യക്തമാക്കി. പാരമ്പര്യമായി ഫലസ്തീനികള്‍ നടത്തുന്ന കച്ചവടങ്ങളെയും പഴയ നഗരത്തിന്റെ സാംസ്‌കാരിക തനിമയെയും ഇല്ലാതാക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും ഗവര്‍ണറേറ്റ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഇസ്രഈലി സേനയുടെ സംരക്ഷണയില്‍ ആയിരക്കണക്കിന് തീവ്രവലതുപക്ഷ കുടിയേറ്റക്കാര്‍ അല്‍-അഖ്‌സ പള്ളി വളപ്പിലേക്ക് അതിക്രമിച്ചു കയറി പ്രാര്‍ത്ഥനകളും മതപരമായ ആചാരങ്ങളും നടത്തി.
ഇസ്രഈല്‍ പാര്‍ലമെന്റ് അംഗം അമിത് ഹലേവിയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിറും പള്ളി വളപ്പില്‍ എത്തിയവരില്‍ ഉള്‍പ്പെടുന്നു. ‘ടെമ്പിള്‍ മൗണ്ടില്‍ (അല്‍-അഖ്‌സ) ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞങ്ങളാണ്,’ എന്ന് ബെന്‍ ഗ്വിര്‍ വ്യക്തമാക്കുന്ന വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്.
ഇസ്രഈല്‍ മന്ത്രിയുടെ നടപടിയെയും പള്ളിക്കുള്ളിലെ ജൂത പ്രാര്‍ത്ഥനകളെയും ജറുസലേം ഗവര്‍ണറേറ്റ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട ‘സ്റ്റാറ്റസ് കോ’ കരാറിന്റെ ലംഘനമാണിതെന്നും, അല്‍-അഖ്‌സയിലെ ചരിത്രപരമായ ഭരണരീതി തകര്‍ക്കാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.
Content Highlight: Palestinian shops in Jerusalem forced to close for Jewish prayers; settlers and a minister storm Al-Aqsa.
