യുവേഫ നാഷന്‍സ് ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഫ്രാന്‍സ്. കിങ് ബൗഡൂയിന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെല്‍ജിയത്തിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാന്‍സ് പരാജയപ്പെടുത്തിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 88ാം മിനിട്ടില്‍ മൈക്കള്‍ ഒലീസെയാണ് ബ്ലൂസിന് വേണ്ടി വിജയഗോള്‍ നേടിയത്.

സ്വന്തം ബോക്‌സിനടുത്ത് നിന്ന് ഒരു ലോങ് റണ്ണിലൂടെയാണ് ഒലീസെ ബെല്‍ജിയത്തിന്റെ വല കുലുക്കിയത്. കരിയറില്‍ 81 ഗോളും 98 അസിസ്റ്റും നേടിയ താരമാണ് മൈക്കള്‍ ഒലീസെ. 2026/27 സീസണില്‍ ക്ലബ്ബിനും രാജ്യത്തിനുമായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളും നാല് അസ്റ്റുമാണ് താരം സ്വന്തമാക്കിയത്.

നാഷന്‍സ് ലീഗില്‍ കഴിഞ്ഞ ആഴ്ച തുര്‍ക്കിക്കെതിരായ മത്സരത്തില്‍ വിജയഗോളിന് വഴിയൊരുക്കിയതും ഒലീസെ, ഇന്ന് ബെല്‍ജിയത്തിനെതിരെ അതിമനോഹരമായ വിജയഗോള്‍ നേടി.

ജര്‍മന്‍ സൂപ്പര്‍ കപ്പ്, ബുണ്ടസ്‌ലിഗ, ചാമ്പ്യന്‍സ് ലീഗ്, നേഷന്‍സ് ലീഗ് എന്നീ ടൂര്‍ണമെന്റില്‍ ഗോളും അസിസ്റ്റും പ്ലെര്‍ ഓഫ് ദ മാച്ചും നേടിയ താരം ഫ്രാന്‍സിന്റെ നട്ടെല്ലാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. കളിക്കളത്തിന് പുറത്ത് അധികം സംസാരിക്കാതെ മൈതാനത്ത് പ്രകടനത്തിലൂടെ മാത്രം മറുപടി നല്‍കുന്ന ഒലീസെയുടെ പ്രകടനം ശരിക്കും അതിശയിപ്പിക്കുന്നതാണ്.

ഈ വിജയത്തോടെ സിനദിന്‍ സിദാന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ വിജയിക്കാനും ഫ്രാന്‍സിന് സാധിച്ചിരിക്കുകയാണ്.

കരുത്തരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ് തന്നെയായിരുന്നു ആധിപത്യം പുലര്‍ത്തിയത്. ബെല്‍ജിയത്തിനെതിരെ ഒമ്പത് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 16 തവണയാണ് ഫ്രാന്‍സ് ഉന്നം വെച്ചത്. പാസിങ്ങിലും പൊസഷനിലും ബെല്‍ജിയത്തിനേക്കാള്‍ മുന്നില്‍ ബ്ലൂസ് തന്നെയായിരുന്നു.

ഇതോടെ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയ ഫ്രഞ്ച് പട പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ്. ആറ് പോയിന്റാണ് ടീം സ്വന്തമാക്കിയത്.

അതേസമയം തുര്‍ക്കിക്കെതിരായ മത്സരത്തില്‍ പരിക്ക് പറ്റിയ ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയുടെ തിരിച്ചുവരവ് ഇപ്പോഴും അനിശ്ചിതത്തിലാണ്. ഗോള്‍ നേടിയതിന് പിന്നാലെ കാല്‍ മുട്ടിന് കടുത്ത വേദന അനുഭവപ്പെട്ടാണ് താരം പുറത്ത് പോയത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 10-14 ദിവസത്തിനുള്ളില്‍ എംബാപ്പെ തിരിച്ചെത്താന്‍ സാധ്യതയുണ്ട്.

Content Highlight: France secures second victory in the Nations League