2026 ഏഷ്യൻ ഗെയിംസ് സെമി ഫൈനൽ പോരാട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ഒക്ടോബർ ഒന്നിന് നടക്കുന്ന സെമി ഫൈനലിൽ ശ്രീലങ്കയാണ് ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികൾ. ക്വാർട്ടർ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഇന്ത്യ നേരിട്ട് സെമിയിലേക്ക് മുന്നേറുകയായിരുന്നു. അഫ്ഗാനിസ്ഥാനെക്കാൾ റാങ്കിങ്ങിൽ മുന്നിലായതുകൊണ്ടാണ് ഇന്ത്യക്ക് സെമി യോഗ്യത ലഭിച്ചത്.

സെമിയിൽ ലങ്കക്കെതിരെ ഇന്ത്യയ്ക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തന്നെയാകും ഓപ്പണറായി കളത്തിലിറങ്ങുക. ഏഷ്യൻ ഗെയിംസിൽ സഞ്ജു വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തുമെന്നാണ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നത്.

മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒരു ചരിത്രനേട്ടവും സഞ്ജുവിന് സ്വന്തമാക്കാൻ സാധിക്കും. ആറ് സിക്സുകൾ കൂടി നേടിയാൽ ഇന്ത്യയ്ക്ക് വേണ്ടി 100 സിക്‌സർ പൂർത്തിയാക്കാൻ മലയാളി താരത്തിന് സാധിക്കും. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമായും സഞ്ജു മാറും.

ഇന്ത്യയ്ക്ക് വേണ്ടി ടി-20യിൽ ഏറ്റവും കൂടുതൽ സിക്‌സർ നേടിയ താരം, മത്സരം, സിക്‌സുകളുടെ എണ്ണം

രോഹിത് ശർമ – 159 – 205

സൂര്യകുമാർ യാദവ് – 113 – 179

ഹർദിക് പാണ്ഡ്യ – 138 – 168

വിരാട് കോഹ്‌ലി – 125 – 124

അഭിഷേക് ശർമ – 58 – 126

കെ.എൽ. രാഹുൽ – 72 – 99

സഞ്ജു സാംസൺ – 68 – 94

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിൽ സഞ്ജു മിന്നും പ്രകടനമായിരുന്നു നടത്തിയത്. രണ്ട് അർധ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 22 പന്തിൽ നാല് സിക്‌സും ഏഴ് ഫോറും ഉൾപ്പെടെ 57 റൺസ് നേടിയാണ് സഞ്ജു വമ്പൻ തിരിച്ചുവരവ് നടത്തിയത്. അവസാന മത്സരത്തിൽ രണ്ട് ഫോറും നാല് സിക്സറും അടക്കം 35 പന്തിൽ 50 റൺസാണ് സഞ്ജു നേടിയത്. ഈ മിന്നും പ്രകടനം ശ്രീലങ്കക്കെതിരെയും ആവർത്തിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏഷ്യൻ ഗെയിംസ് ഇന്ത്യൻ സ്‌ക്വാഡ്

ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, യാഷ് താക്കൂർ, വിപ്രജ് നിഗം, റസിഖ് സലാം, കാർത്തിക് ത്യാഗി, വിക്കി ഓസ്ത്വാൾ.

 

Content Highlight: Sanju Samson need six sixes to complete 100 sixes in international T20