2007 ഐ.സി.സി ഏകദിന ലോകകപ്പ് ഇന്ത്യയുടെയും പാകിസ്ഥാന്റെയും ക്രിക്കറ്റ് ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ ടൂർണമെന്റായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം മുഹമ്മദ് യൂസഫ്. ഈ ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് എടുത്ത പല പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിന് തുടർച്ചയായ വിജയങ്ങൾ നേടാൻ അടിത്തറയിട്ടതെന്നാണ് മുൻ പാക് താരം അഭിപ്രായപ്പെട്ടത്.

എം.എസ് ധോണിയെ ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ക്രിക്കറ്റ് വളർച്ചയ്ക്ക് പ്രധാന പങ്കുവഹിച്ചുവെന്നും യൂസഫ് വ്യക്തമാക്കി. ഈ സമയങ്ങളിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചില തെറ്റായ തീരുമാനങ്ങൾ എടുത്തുവെന്നും ഇതുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രതിസന്ധിയിലേക്ക് നീങ്ങിയതെന്നും യൂസഫ് പറഞ്ഞു.

‘ഇരു ക്രിക്കറ്റ് ബോർഡുകൾക്കും ഇത് ഒരു നിർണായക സമയമായിരുന്നു. അതിന് ശേഷം ഇന്ത്യ എം.എസ് ധോണിയെ ക്യാപ്റ്റനായി നിയമിച്ചത് പോലെയുള്ള ശരിയായ തീരുമാനങ്ങൾ എടുത്തു. പാകിസ്ഥാനിൽ പല തെറ്റായ തീരുമാനങ്ങൾ ഉണ്ടായി. അതുകൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോൾ തകർച്ചയിൽ ആയിരിക്കുന്നത്,’ മുഹമ്മദ് യൂസഫ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

ആ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് ഘട്ടത്തിൽ നിന്നുതന്നെ പുറത്തായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ധോണിയെ ക്യാപ്റ്റനായി നിയമിച്ചത്. പിന്നീട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനായി ധോണി സ്വയം അടയാളപ്പെടുത്തുകയായിരുന്നു.

ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. 2007ൽ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴിൽ ആദ്യ കുട്ടിക്രിക്കറ്റിന്റെ കിരീടം ഇന്ത്യ സ്വന്തമാക്കിയത്. പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപിൽ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യൻസ് ട്രോഫി കിരീടവും ധോണിയുടെ കീഴിൽ ഇന്ത്യ നേടിയിരുന്നു.

2020ൽ ആയിരുന്നു ധോണി ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി മൂന്ന് ഫോർമാറ്റുകളിലും 538 മത്സരങ്ങൾ കളിച്ച ധോണി 17266 റൺസാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അർധ സെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്.

എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഇപ്പോഴും പ്രായം തളർത്താത്ത പോരാട്ടവീര്യമാണ് നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എൽ കിരീടങ്ങളാണ് ധോണി നേടിക്കൊടുത്തത്.

 

Content Highlight: Former Pakistan player Muhammed Yusaf talks about M.S Dhoni