വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ സീരീസ് ഓപ്പണറില്‍ ഗംഭീര സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ വിരാട് കോഹ് ലിയെ പ്രശംസിച്ച് മുന്‍ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ആർ. അശ്വിൻ.

ജൂലൈക്ക് ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയിട്ടും യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിരാട് ബാറ്റ് വീശിയതിനെയാണ് അശ്വിന്‍ തമാശരൂപേണ ചോദ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

ആർ. അശ്വിൻ.

 

തന്റെ യൂട്യൂബ് ചാനലായ ‘അഷ് കി ബാത്തി’ല്‍ സംസാരിക്കുകയായിരുന്നു അശ്വിന്‍.

‘വിരാട് കോഹ്‌ലിയുടെ ബാറ്റിങ് അതിശയകരമാണ്. ഇദ്ദേഹം ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിന് വേണ്ടിയാണോ കളിക്കുന്നത്? എനിക്കറിയില്ല! ഇത്രയും നാളത്തെ ഇടവേളയ്ക്ക് ശേഷം വന്ന് ഇത്രയും സുഗമമായി ബാറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഇത് ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്.

ഈ പ്രകടനം എപ്പോഴും സംഭവിക്കാന്‍ സാധ്യതയുള്ളതായിരുന്നു. ‘വിരാടിന്റെ കാര്യം എന്താകും? രോഹിതിന്റെ കാര്യം എന്താകും? സെലക്ഷന്‍ കമ്മിറ്റി എന്താണ് ചിന്തിക്കുന്നത്?’ എന്നൊക്കെ നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കും.

എന്നാല്‍ ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഒരു പുതിയ വഴി തിരഞ്ഞെടുക്കുക എന്നത് അസാധ്യമാണ്,’ അശ്വിന്‍ പറഞ്ഞു.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. 88 പന്തുകളില്‍ നിന്ന് പത്ത് ഫോറും ഒമ്പത് സിക്‌സറുമടക്കം 157.95 സ്‌െ്രെടക്ക് റേറ്റില്‍ പുറത്താകാതെ 139 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്. ഏകദിന കരിയറിലെ കിങ്ങിന്റെ 55ാം സെഞ്ച്വറിയാണിത്.

2027ലെ ഏകദിന ലോകകപ്പില്‍ വിരാടും രോഹിത് ശര്‍മയും കളിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അശ്വിന്‍ മറുപടി നല്‍കി. ഇരുവര്‍ക്കും അവസരം നിഷേധിക്കാന്‍ പരിശീലകനോ സെലക്ടര്‍മാര്‍ക്കോ വ്യക്തമായ കാരണങ്ങളില്ലെന്ന് അശ്വിന്‍ വ്യക്തമാക്കി.

‘വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഏകദിന ടീമിന് അനുയോജ്യരല്ലെന്ന് ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും കരുതുന്നുവെങ്കില്‍, അത് കൃത്യമായ ഡാറ്റയും യോഗ്യതകളും വെച്ച് തെളിയിക്കേണ്ടതുണ്ട്.

Photo: BCCI/x.com

രോഹിതിന്റെ ഫിറ്റ്‌നസ് പരിശോധിക്കപ്പെടുകയും ഫോമില്‍ ചെറിയ ഇടിവ് സംഭവിക്കുകയും ചെയ്ത ഒരു ഘട്ടമുണ്ടായിരുന്നു. ആ സമയത്താണ് ഈ വിഷയം ഉയര്‍ന്നതെങ്കില്‍ അതില്‍ ന്യായമുണ്ടായിരുന്നു. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ തെറ്റില്ല, എന്നാല്‍ കളിക്കാരുമായി ഈ വിഷയം കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്തിരിക്കണം.

വിരാടിന്റെ കാര്യത്തില്‍ ഈ വിഷയം പോലും ഉയര്‍ത്താന്‍ പാടില്ലാത്തതാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതി മാത്രം നോക്കൂ. 2025ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം, അവരുടെ കഴിവും മെറിറ്റും മുന്‍നിര്‍ത്തി അടുത്ത 24 മാസത്തേക്ക് വിരാടും രോഹിതും പ്ലാനുകളില്‍ ഉണ്ടായിരിക്കണം.

ലോകകപ്പ് വരെ അവരെ ഫിറ്റായും നല്ല ഫോമിലും നിലനിര്‍ത്തുക എന്നതാണ് നിങ്ങളുടെ ഉത്തരവാദിത്തം. സച്ചിനെപ്പോലുള്ള ഇതിഹാസങ്ങള്‍ക്ക് നമ്മള്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍, വിരാടും രോഹിതും അതില്‍ നിന്ന് വ്യത്യസ്തരല്ല. അവരെ പുറത്താക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല,’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബുധനാഴ്ചയാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം മത്സരം. ഗുവാഹത്തിയാണ് വേദി.

 

Content Highlight: R. Ashwin praises Virat Kohli’s performance in the match against West Indies.