കേരളത്തിലെ കൊച്ചുകുട്ടികള്‍ക്ക് വരെ സുപരിചിതനായ യൂട്യൂബ് വ്‌ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെല്‍ഡിങ് തൊഴിലാളിയായി പ്രവാസ ജീവിതം നയിച്ച ഫിറോസ് തിരിച്ച് നാട്ടിലെത്തുകയും യൂട്യൂബറായി കരിയര്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ മലയാളത്തിലെ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള ചാനലായി അദ്ദേഹത്തിന്റെ വില്ലേജ് ഫുഡ് ചാനല്‍ മാറുകയായിരുന്നു.
ആദ്യകാല വീഡിയോകളില്‍ കുറഞ്ഞ അളവിലുള്ള ഭക്ഷണവിഭവങ്ങള്‍ പാകം ചെയ്താണ് ഫിറോസ് ചുട്ടിപ്പാറ വ്‌ളോഗിങ് കരിയര്‍ ആരംഭിച്ചതെങ്കിലും പിന്നാലെ വലിയ അളവിലുള്ള പാചകത്തിലൂടെ അദ്ദേഹം ശ്രദ്ധ നേടുകയായിരുന്നു. ഭക്ഷണം പാകം ചെയ്ത് തന്റെ നാട്ടിലുള്ളവര്‍ക്കും അനാഥാലയങ്ങളിലും വിതരണം ചെയ്യുന്ന അദ്ദേഹത്തിന്റെ കണ്ടന്റുകള്‍ക്കും വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. കുഴിയിലിട്ടുണ്ടാക്കിയ ബീഫ് റോസ്റ്റ്, ഒട്ടക റോസ്റ്റ്, ഒട്ടകപക്ഷിയുടെ മുട്ട ഓംലെറ്റ് തുടങ്ങി വിവിധങ്ങളായ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെ കോടിക്കണക്കിന് കാഴ്ചക്കാരെയാണ് ഫിറോസ് തന്റെ യൂട്യൂബ് ചാനലിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

Photo: Village Food channel/ Youtube.com
അടുത്തിടെ സുജിത്ത് ഭക്തന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഫിറോസ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അളവില്‍ കവിഞ്ഞ് വരുമാനം വരാന്‍ തുടങ്ങിയതോടെ താന്‍ ബാങ്ക് ഉദ്യോഗസ്ഥന്റെ സഹായം തേടിയെന്ന് പറയുകയാണ് അദ്ദേഹം.
‘ഒരു സമയമായപ്പോള്‍ എനിക്ക് അളവില്‍ കവിഞ്ഞ് പണം വരാന്‍ തുടങ്ങി. നമ്മുടെ കൈയില്‍ ഒതുങ്ങാത്ത അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. അങ്ങനെ അതേ ബാങ്കിലെ മാനേജരുടെ അടുത്ത് പോയി എനിക്ക് ഇന്‍കം ടാക്‌സ് അടക്കണം എന്താണ് വഴിയെന്ന് ചോദിച്ചു. കാരണം നാളെ ഇവര്‍ എന്നെ അന്വേഷിച്ച് വരാന്‍ പാടില്ലല്ലോ. നമ്മുടെ ഭാഗം ക്ലിയര്‍ ചെയ്യുക എന്ന് ഉദ്ദേശത്തിലായിരുന്നു ഞാന്‍.
അവരുടെ ബാങ്കിന്റെ ഓഡിറ്റ് ചെയ്യുന്ന ആളെ പോയി കാണാനും അദ്ദേഹം ശരിയാക്കി തരുമെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ പോയി കണ്ടു, ഇന്‍കം ടാക്‌സെല്ലാം അടച്ച് തുടങ്ങി. രണ്ടാമത്തെ തവണ അടച്ച് കഴിഞ്ഞപ്പോഴാണ് മൊത്തം യൂട്യൂബേഴ്‌സിന്റെയും അടുത്ത് ഒരു റെയ്ഡ് വരുന്നത്. അന്ന് ഞാന്‍ ദല്‍ഹിയിലായിരുന്നു.

Photo: Village Food channel/ Youtube.com
എല്ലായിടത്തും റെയ്ഡാണല്ലോ നിന്റെ അടുത്ത് വന്നില്ലേ എന്ന് സുഹൃത്തുക്കള്‍ ചോദിക്കുന്നുണ്ട്. എന്റെ അടുത്ത് എന്തിനാണ് വരുന്നത് ഞാന്‍ കൃത്യമായി ടാക്‌സ് കൊടുക്കുന്നുണ്ടല്ലോ എന്നാണ് അവരോടെല്ലാം പറഞ്ഞത്. പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ എന്നെയും വിളിപ്പിച്ചു. എന്താണ് പരിപാടി എന്നെല്ലാം ചോദിച്ചു. യൂട്യൂബറാണെന്നും ഫേസ്ബുക്കിലൂടെയും കുറച്ച് പരസ്യങ്ങളിലൂടെയും വരുമാനം വരുന്നുണ്ടെന്നും ഞാന്‍ പറഞ്ഞു. വരുമാനം വരുന്നത് കൂടിയപ്പോള്‍ ഞാന്‍ തന്നെ വന്നതാണെന്നും ആരും നിര്‍ബന്ധിച്ചതല്ലെന്നും പറഞ്ഞപ്പോള്‍ എന്റെ സത്യസന്ധത മനസിലായി എന്നോട് പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. എന്ത് ബിസിനസാണെങ്കിലും നമ്മുടെ ഭാഗം ക്ലിയര്‍ ആക്കുക എന്നാണ് എപ്പോഴും ഞാന്‍ പറയാറുള്ളത്,’ ഫിറോസ് പറഞ്ഞു.
Content Highlight: Firoz Chuttippara talks about Income tax
