ഒരു നടന്റെ സ്റ്റാര്‍ഡം അളക്കുന്നതിന്റെ പ്രധാന ഘടകമായി ഇപ്പോള്‍ കണക്കാക്കുന്ന ഒന്നാണ് അയാളുടെ സിനിമകള്‍ക്ക് ലഭിക്കുന്ന കളക്ഷന്‍. 100 കോടി ക്ലബ്ബില്‍ ഇടം നേടിയ സിനിമകളിലൂടെയാണ് സ്റ്റാര്‍ഡം നല്‍കുന്നതെന്ന് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. 100 കോടി കളക്ഷനില്ലാത്ത നടന്മാരില്‍ പ്രധാനമായും വിമര്‍ശനം കേള്‍ക്കുന്നവരില്‍ ഒരാളാണ് മമ്മൂട്ടി.
അതിഗംഭീര റിപ്പോര്‍ട്ടുകള്‍ ലഭിച്ച സിനിമകള്‍ ധാരാളമുണ്ടെങ്കിലും ഒന്നുപോലും 100 കോടി ക്ലബ്ബില്‍ കയറിയിട്ടില്ല. മമ്മൂട്ടിയുടെ കരിയറില്‍ 100 കോടി കളക്ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിട്ടും അതിന് സാധിക്കാത്ത സിനിമയെന്ന് പലരും വിശേഷിപ്പിക്കുന്ന ഒന്നാണ് കണ്ണൂര്‍ സ്‌ക്വാഡ്. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷമായിരിക്കുകയാണ്.

ഇപ്പോഴത്തെ ട്രെന്‍ഡ് വെച്ച് നോക്കിയാല്‍ 200 കോടിയെങ്കിലും മിനിമം ലഭിക്കേണ്ട സിനിമയായിരുന്നു കണ്ണൂര്‍ സ്‌ക്വാഡെന്നും പ്രൊമോഷന്‍ ഒരു സിനിമക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയിലെ പ്രധാന സീനുകളും ഡയലോഗുകളും ഉള്‍പ്പെടുത്തിയ എഡിറ്റഡ് വീഡിയോകളും വൈറലാണ്.
ഗംഭീര കഥയും അതിനൊത്ത പെര്‍ഫോമന്‍സും മേക്കിങ്ങുമായിരുന്നു കണ്ണൂര്‍ സ്‌ക്വാഡിന്റേത്. റിലീസിന് മുമ്പ് ഇങ്ങനെയൊരു സിനിമയുണ്ടെന്ന് സാധാരണക്കാരെ അറിയിക്കാന്‍ വലിയ പ്രൊമോഷനുകളൊന്നും നിര്‍മാതാക്കളായ മമ്മൂട്ടിക്കമ്പനി നടത്തിയില്ല. നാല് ഓണ്‍ലൈന്‍ മീഡിയക്ക് ഇന്റര്‍വ്യൂ നല്‍കിയതോടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്‍ അവസാനിച്ചു.

സിനിമ കണ്ടിറങ്ങിയവര്‍ നല്ല അഭിപ്രായം പറഞ്ഞതോടെ വളരെ പതിയെയാണ് കണ്ണൂര്‍ സ്‌ക്വാഡ് ബോക്‌സ് ഓഫീസില്‍ മുന്നേറിയത്. വേര്‍ഡ് ഓഫ് മൗത്തിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം വളരെ വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി കണ്ണൂര്‍ സ്‌ക്വാഡ് മാറുമെന്ന് കരുതിയെങ്കിലും 85 കോടിയില്‍ കുതിപ്പ് അവസാനിക്കുകയായിരുന്നു.
പിന്നീട് കണ്ണൂര്‍ സ്‌ക്വാഡ് പോലെ എക്‌സ്ട്രാ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ച മറ്റൊരു മമ്മൂട്ടി ചിത്രം വന്നില്ലെന്ന് തന്നെ പറയാം. ഒരുപക്ഷേ കുറച്ചധികം പ്രൊമോഷനും പ്രീ റിലീസ് ഇവന്റുകളും നടത്തിയിരുന്നെങ്കില്‍ 100 കോടി പുഷ്പം പോലെ നേടിയെടുത്തേനെയെന്ന് ഇന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. പ്രൊമോഷന്‍ നടത്തുന്നതില്‍ മമ്മൂട്ടിക്കമ്പനി ദാരിദ്ര്യം കാണിക്കുകയാണെന്നും കമന്റുകളുണ്ട്.

അന്ന് കണ്ണൂര്‍ സ്‌ക്വാഡിലൂടെ 100 കോടി നേടിയിരുന്നെങ്കില്‍ മമ്മൂട്ടി ഇപ്പോള്‍ കളക്ഷന്റെ പേരില്‍ കേള്‍ക്കുന്ന കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു. പിന്നീട് ഇങ്ങോട്ട് നസ്‌ലെന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ടൊവിനോ, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ ഈ ലിസ്റ്റില്‍ ഇടംപിടിച്ചു. പരീക്ഷണ സിനിമകള്‍ക്ക് തത്കാലം ഇടവേള കൊടുത്ത് ബാക്ക് ടു ബാക്ക് കൊമേഷ്‌സ്യല്‍ സിനിമകളാണ് ഇപ്പോള്‍ മമ്മൂട്ടി തെരഞ്ഞെടുക്കുന്നത്. മേളയും മട്ടാഞ്ചേരി മാഫിയയും വന്‍ വിജയമാകുമെന്നാണ് പ്രതീക്ഷ.
Content Highlight: Social media posts on third anniversary of Kannur Squad movie
