മലയാളത്തിലെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. അഞ്ജലി മേനോന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പ്രണയത്തിലായ താരങ്ങള്‍ പിന്നീട് വിവാഹിതരാകുകയായിരുന്നു. എന്നാല്‍ ഫഹദും നസ്രിയയും തമ്മിലുള്ള പ്രായവ്യത്യാസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. 13 വയസിന്റെ പ്രായവ്യത്യാസമാണ് താരങ്ങള്‍ തമ്മിലുണ്ടായിരുന്നത്.
ഇപ്പോഴിതാ ഫഹദിന്ററെ വരാനിരിക്കുന്ന പുതിയ തെലുങ്ക് ചിത്രമായ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ നസ്രിയയെ പരാമര്‍ശിച്ച് സംസാരിച്ച ഫഹദിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംവിധായകന്‍ എസ്.എസ് രാജമൗലി പ്രെസന്റ് ചെയ്ത് മകന്‍ എസ്.എസ് കാര്‍ത്തികേയന്‍ നിര്‍മിക്കുന്ന ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ സംവിധാനം ചെയ്യുന്നത് ശശാങ്ക് യെലോട്ടിയാണ്.

ഫഹദ് ഫാസിലും നസ്രിയ നസീമും. Photo: X.com
ഫാന്റസി ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം ബാലതാരമായ സാറാം പല്ലേക്കറും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സാറയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് തന്റെ പങ്കാളിയെ പരാമര്‍ശിച്ചുകൊണ്ട് ഫഹദ് സംസാരിച്ചത്.
‘ഞാന്‍ ഒരു കുട്ടിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ആളുകള്‍ എപ്പോഴും എങ്ങനെയാണ് ഷൂട്ടിനിടെ കുട്ടികളെ ഹാന്‍ഡില്‍ ചെയ്യുന്നത് എന്ന് എന്നോട് ചോദിച്ചിരുന്നു. ഞാന്‍ പറഞ്ഞത് എന്റെ വീട്ടിലും ഒരു കുട്ടിയുണ്ട്. അതിനെ ഞാനാണ് നോക്കുന്നത് എന്നാണ്. ഈ ചിത്രത്തില്‍ പക്ഷേ എന്നെ സഹായിക്കുന്ന ഒരു കുട്ടിക്കൊപ്പമാണ് ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. ഓരോ തവണയും ഞാന്‍ എന്റെ വരികള്‍ തെറ്റിക്കുമ്പോള്‍ സാറ എന്നെ തിരുത്തും.

ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍. Photo: District
തെറ്റിക്കുമ്പോള്‍ എല്ലാം അത് ഇങ്ങനെയല്ല ഇങ്ങനെയാണ് എന്ന് അവള്‍ എനിക്ക് പറഞ്ഞുതരും. ഇത്രയും ക്ഷമയുള്ള ഒരു കോ ആര്‍ടിസ്റ്റ് എനിക്ക് ഉണ്ടായിട്ടില്ല. നാളിതുവരെയുള്ള എന്റെ കോ-സ്റ്റാറുകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കോ സ്റ്റാറാണ് സാറ. ഈ ചിത്രം നിര്‍മിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയിലുണ്ടായ രസകരമായ അനുഭവങ്ങളുടെ പകുതി പ്രേക്ഷകര്‍ക്ക് ലഭിച്ചാല്‍ തന്നെ ഞങ്ങള്‍ സംതൃപ്തരാണ്,’ ഫഹദ് പറഞ്ഞു.
Content Highlight: Fahadh Faasil talks about his partner Nazriya Nazim
