അടുത്ത അഞ്ച് വര്‍ഷം ദല്‍ഹി ആര് ഭരിക്കും എന്നതിന്റെ ചിത്രം വ്യക്തമായിരിക്കുകയാണ്. എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ആംആദ്മിയുടെ മികച്ച മുന്നേറ്റമാണ് കാണുന്നത്. നിലവില്‍ ആം ആദ്മി 62 സീറ്റിലും ബി.ജെ.പി 8 സീറ്റിലും മുന്നിട്ടു നില്‍ക്കുമ്പോള്‍ ദല്‍ഹിയില്‍ ഒരിടത്തും കോണ്‍ഗ്രസ് ഇല്ലായെന്നതാണ് വാസ്തവം.

കോണ്‍ഗ്രസില്‍ നിന്നും ആംആദ്മി പാര്‍ട്ടിയില്‍ ചേരുകയും കെജ്‌രിവാള്‍ മന്ത്രിസഭയില്‍ മന്ത്രിയാകുകയും ചെയ്ത അല്‍ക്ക ലംബ ഇത്തവണ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാന്ദ്‌നി ചൗക്കില്‍ മത്സരിച്ച അല്‍ക്ക ലംബക്കും ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഹാരൂണ്‍ യൂസഫ് ബല്ലിമരണ്‍ മണ്ഡലത്തില്‍ ലീഡ് ചെയ്തിരുന്നെങ്കിലും കൂടുതല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ സാധ്യത മങ്ങുകയായിരുന്നു.

ദല്‍ഹിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ സ്വാധീനമുള്ള കോണ്‍ഗ്രസാണ് പുതിയ ട്രെന്റില്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുക്കുമ്പോള്‍ 1993 ല്‍ ദല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി ഒരു തവണ അധികാരത്തിലെത്തിയതല്ലാതെ പിന്നീട് കോണ്‍ഗ്രസ് അതിന് ഇടകൊടുത്തിട്ടേ ഉണ്ടായിരുന്നില്ല. പക്ഷെ പാര്‍ട്ടിക്ക് പാളം തെറ്റിയത് 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയായിരുന്നു.

2013 ലാണ് അവസാനമായി ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എഴുപതംഗ നിയമസഭയില്‍ 28 സീറ്റ് നേടിയ എ.എ.പി എട്ട് അംഗങ്ങളുടെ കോ്ണ്‍ഗ്രസിന്റെ പിന്തുണയോടെ അധികാരത്തിലെത്തുകയായിരുന്നു. പിന്നീട് 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ അധികാരത്തിലെത്തി. ബി.ജെ.പിക്ക് മൂന്ന് സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസിന് സീറ്റ് പൂജ്യം. പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ അല്ലെങ്കിലും കോണ്‍ഗ്രസിനെ സംബന്ധിച്ച കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലെ അതേ ട്രെന്റ് തന്നെയാണ് ഇത്തവണയും ആവര്‍ത്തിക്കുന്നത്.

കടുത്ത ത്രികോണ പോരാട്ടം നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം കോണ്‍ഗ്രസിന് പ്രതികൂലമായിരുന്നു. ദല്‍ഹിയില്‍ ആം ആദ്മിയുടെ വേരോട്ടം തന്നെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴുള്ള അവസ്ഥക്ക് കാരണമെന്ന് പറയാം. ആം ആദ്മി പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റെയും വോട്ടുകള്‍ ഒരേ വിഭാഗങ്ങളില്‍ നിന്നുള്ളവയാണ്.

അത് കൊണ്ട് തന്നെ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാവുമെന്ന പേടി നേരത്തെ തന്നെ കോണ്‍ഗ്രസിനേയും ബാധിച്ചിട്ടുണ്ട്. ഒപ്പം ഷീലാദീക്ഷിതിന്റെ മരണവും കോണ്‍ഗ്രസിന്റെ കാലിടര്‍ച്ചക്ക് കാരണമാണ്. ത്രികോണപോരാട്ടമെന്ന പ്രതീതി സൃഷ്ടിക്കാനും കോണ്‍ഗ്രസിനായില്ല.

രാജ്യതലസ്ഥാനം ഏറ്റവും കൂടുതല്‍ തവണ ഭരിച്ച, 70 വര്‍ഷം ഇന്ത്യ ഭരിച്ച രാഷ്ട്രീയപാര്‍ട്ടിയ്ക്കാണ് രണ്ട് തെരഞ്ഞെടുപ്പുകളിലും ഒറ്റ സ്ഥാനാര്‍ത്ഥിയെപ്പോലും വിജയിപ്പിക്കാനാകാതെ പോയത് എന്നത് ആ പാര്‍ട്ടിയുടെ നേതൃത്വത്തിന് ഇനിയെങ്കിലും തിരിച്ചറിവുണ്ടാകണം.