[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫെയ്‌സ്ബുക്ക് പേജുകള്‍ കമ്പനി നിരോധിച്ചു. ഇനി ഈ പേജുകള്‍ ഫേസ്ബുക്ക് ലോകത്ത് ഉണ്ടാകില്ല. കിര്‍മാണി മനോജ്, കൊടി സുനി, മുഹമ്മദ് ഷാഫി, എം.സി അനൂപ്, അണ്ണന്‍ സിജിത് എ്്ന്നിവരുടെ അക്കൗണ്ടുകളാണ് പിന്‍വലിച്ചത്.

ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ കോഴിക്കോട് കമ്മീഷണര്‍ ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ഒരു മാസം അക്കൗണ്ടുകള്‍ നിലനിര്‍ത്തുമെങ്കിലും മറ്റാര്‍ക്കും കാണാന്‍ സാധിക്കില്ല.

പ്രതികളുടെ പേജുകളുടെ യു.ആര്‍.എല്‍ അന്വേഷണ സംഘത്തിന് കമ്പനി നല്‍കിയിട്ടുണ്ട്. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് വെച്ച് മൊബൈലും ഫെയ്‌സ്ബുക്കും ഉപയോഗിച്ച വാര്‍ത്ത പുറത്ത് വന്നത് ഏറെ വിവാദമുയര്‍ത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നടത്തിയ പരിശോധനയില്‍ ഏഴോളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. കേസന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ച്ച ജില്ലാ ജയിലിലെ വാര്‍ഡര്‍മാരുടെ ക്വാട്ടേഴ്‌സുകളില്‍ പരിശോധന നടത്തിയിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പ്രതികളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

ഫെയ്‌സ്ബുക്കില്‍ നിന്ന് പ്രതികളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ വിവരങ്ങള്‍ ലഭ്യമാകാന്‍ കോടതിയുടെ ഉത്തരവ് വേണം.