മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തി പിന്നീട് യുവ നടിയായി വളര്‍ന്ന താരം, ദൃശ്യത്തിലെ അനുമോള്‍ എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയെടുത്തത്. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ ആണ് താരത്തിന്റെ ആദ്യ ചിത്രം. ദൃശ്യത്തിന്റെ റീമേക്കായി തമിഴില്‍ പുറത്തിറങ്ങിയ പാപാനാശത്തിലും താരം തന്നെയായിരുന്നു അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഈ വര്‍ഷം മെയില്‍ പുറത്തിറങ്ങിയ ദൃശ്യം 3 യിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ദൃശ്യം 3യ്ക്ക് ലഭിച്ചതെങ്കിലും ആഗോളതലത്തില്‍ 235 കോടിയിലധികമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ താനൊരു ഫെമിനിസ്റ്റ് ആണോ എന്ന ചോദ്യത്തിന് എസ്തര്‍ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

എസ്തര്‍ അനില്‍ അമ്മയ്‌ക്കൊപ്പം. Photo: Esther Anil/ Facebook.com
‘അതെ. എന്റെ കുടുംബത്തില്‍ എല്ലാവരും അവരവരുടേതായ രീതിയില്‍ ഫെമിനിസ്റ്റ് ആശയങ്ങള്‍ ഉള്ളവരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ഫെമിനിസം എനിക്ക് വളരെ സ്വാഭാവികമായി ലഭിച്ച ഒരു ആശയമാണ്. ഇന്ന് ഞാന്‍ ചെയ്യുന്ന 99 ശതമാനം കാര്യങ്ങളും സാധ്യമാകുന്നത്, ഞാന്‍ ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഫെമിനിസം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നതിനാലാണ്. ഞാന്‍ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും ബോധത്തിന്റെയും വലിയൊരു ഭാഗം അതിന്റെ ഫലമാണ്. കാലത്തിനനുസരിച്ച് ഫെമിനിസത്തിന്റെ നിര്‍വചനങ്ങളില്‍ മാറ്റങ്ങള്‍ വരാം,’ എസ്തര്‍ പറഞ്ഞു.
മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും എസ്തര്‍ സംസാരിച്ചു. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ ഉള്ളൊഴുക്കിലേതാണെന്നും എസ്തര്‍ പറയുന്നു.

എസ്തര്‍ അനില്‍. Photo: Esther Anil/ Facebook.com
‘അടുത്ത കാലത്ത് ഏറ്റവും സ്പര്‍ശിച്ച സ്ത്രീകഥാപാത്രങ്ങള്‍ ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലേതാണ്. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ബന്ധത്തിന്റെ ഡൈനാമിക്‌സ് വളരെ മനോഹരമായി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും നമ്മുടെ സിനിമകള്‍ പഴയ ചില സ്റ്റീരിയോടൈപ്പുകളിലേക്ക് തിരിച്ചുപോകുന്നുണ്ടോ എന്ന് തോന്നാറുണ്ട്. സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ ആര്‍ത്തവം, പീഡനം, അതില്‍നിന്നുള്ള അതിജീവനം, അതിനോടുള്ള പ്രതികരണം തുടങ്ങിയ കാര്യങ്ങളിലാണ് പലപ്പോഴും കഥകള്‍ കേന്ദ്രീകരിക്കുന്നത്. തീര്‍ച്ചയായും അത്തരം കഥകള്‍ ആവശ്യമാണ്. പക്ഷേ, സ്ത്രീ ജീവിതത്തിലെ കുറേക്കൂടി ലെയറുകള്‍, അനുഭവങ്ങള്‍, ആഗ്രഹങ്ങള്‍, ബന്ധങ്ങള്‍, വ്യക്തിത്വം എന്നിവയൊക്കുറിച്ചൊക്കെ സിനിമ ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ട്,’ എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Esther anil talks about her family and Female characters in Malayalam cinema
