മലയാള സിനിമക്ക് അഭിമാനിക്കാവുന്ന അഥവാ ഇതാണ് മലയാള സിനിമ എന്നുറക്കെ പറയാന്‍ മാത്രം കെൽപ്പുള്ളൊരു ചിത്രമാണ് ഭൗമ. ഭയമെന്ന വികാരമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ആ ഒരു വികാരത്തെ അത്രയും കൃത്യമായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആരംഭത്തില്‍ തന്നെ ഭയത്തെ അതിന്റെ ഏറ്റവും പേടിപ്പെടുത്തുന്ന വിധത്തില്‍ പ്രേക്ഷകരിലേക്ക് ഇഞ്ചക്റ്റ് ചെയ്യാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കഥ വ്യാപിക്കുമ്പോഴും ആ ഭയം അതേപടി നിലനിര്‍ത്താനും പിന്നീടുള്ള കഥയുടെ തുടർച്ചയിൽ അത് നിലനിർത്താനും ചിത്രത്തിന് അനായാസേന സാധിച്ചിട്ടുണ്ട്.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ‘കിളി പോയ അവസ്ഥ’, ‘ക്ലൈമാക്സ് ഒന്നും മനസിലായില്ല’,’ എന്താ ലാസ്റ്റ് നടന്നത്’ തുടങ്ങിയവയൊക്കെ ആയിരുന്നു അഭിപ്രായങ്ങളിൽ ചിലത്. അത്രമേൽ ഗംഭീരമായാണ് സംവിധായകന് ക്ലൈമാക്സ് ചെയ്ത് വെച്ചിരിക്കുന്നത്. പൊട്ടിച്ച സസ്പെൻസുകളിൽ അവസാനത്തേതായിരുന്നു ക്ലൈമാക്സ് സീന്‍. അത്രയധികം പ്രവചനാതീതമായിരുന്നു അതെന്ന് തന്നെ വേണം പറയാൻ.

ഭൗമ.Photo: Facebook.com
എല്ലാം ശെരിയാവുമെന്നോ അങ്ങനെയൊന്നും സംഭവിക്കില്ലെന്നോ വിചാരിച്ച പ്രേക്ഷകരുടെ ചിന്തയെ മൊത്തത്തില്‍ തിരുത്തുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. എവിടെയെങ്കിലും ഒന്ന് പിഴച്ച് പോയാൽ അത്ര നേരവും നിലനിര്‍ത്തി കൊണ്ടുവന്ന ഭീതിയും നിഗൂഢതയും വെറുതെയായി പോകുമായിരുന്ന ഒരു സീനിനെ കൃത്യമായ മീറ്ററിൽ തന്നെ അവസാനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് സിനിമ കഴിഞ്ഞപ്പോഴും പ്രേക്ഷകര്‍ സിനിമ കഴിഞ്ഞതറിയാതെ പോയത്, എന്താണിപ്പോൾ സംഭവിച്ചത് എന്ന അവസ്ഥയിലേക്ക് എത്തിയത്.
ദുരൂഹതകൾ ബാക്കി വെച്ച് സിനിമ അവസാനിക്കുമ്പോൾ പ്രേക്ഷകന് വിട്ട് തരികയാണ് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങൾ. എന്താണവിടെ സംഭവിച്ചതെന്നും അതിന്റെ പിന്നിലുള്ള കാരണങ്ങളെ പറ്റിയും യഥാർത്ഥത്തിൽ ഇതിനു പിന്നിൽ ആരാണെന്നും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് സിനിമ ബാക്കി വെക്കുന്നത്. അക്ഷരാർത്ഥത്തിൽ സിനിമ കഴിയുമ്പോൾ പ്രേക്ഷകന് അമ്പരക്കണമോ കാര്യങ്ങളെ വിശകലനം ചെയ്യണോ എന്ന് പെട്ടന്ന് തിരിച്ചറിയാനാവാത്ത ഒരു ലൂപിലേക്കാണ് പ്രേക്ഷകൻ ചെന്ന് പെടുന്നത്.
ട്രെയിലർ തന്ന പ്രോമിസ് കൃത്യമായി പാലിച്ച സിനിമ കൂടിയാണ് ഭൗമ. പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് സിനിമ പറയുന്നതെങ്കിലും വിഷ്വലി ഒരുപാട് ചോരയോ വയലൻസോ ചിത്രം കാണിക്കുന്നില്ല എന്നാല്‍ അതേസമയം പ്രേക്ഷകന് അതെല്ലാം നേരിട്ട് കണ്ടത് പോലെ അനുഭവപ്പെടുകയും പേടിക്കുകയും ചെയ്യുമെന്നത് സംവിധായകന്റെ മേക്കിങ് മികവാണ്. ഭീതിയുടെ ഒരു ലോകവും അന്തരീക്ഷവും സൃഷ്ടിച്ച് ഒരു പരിധി കഴിയുമ്പോൾ പ്രേക്ഷകനെ അതിനുള്ളിലേക്കാക്കാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകന്റെ മുൻവിധികളെയെല്ലാം മാറ്റി മറിക്കാൻ ഭൗമ എന്ന കുഞ്ഞു പടത്തിനായത് പ്രശംസിക്കപ്പെടേണ്ട ഒരു കാര്യം തന്നെയാണ്.
Content Highlight: The film’s climax was unpredictable, and ‘Bouma’ managed to scare audiences without showing blood or violence.
