പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടുണ്ട്... ആദ്യ സിനിമയില്‍ കട്ടുകള്‍ കൊണ്ട് ഞെട്ടിച്ച് റമീസ്
Malayalam Cinema
പഠിച്ച പണി പതിനെട്ടും പ്രയോഗിച്ചിട്ടുണ്ട്... ആദ്യ സിനിമയില്‍ കട്ടുകള്‍ കൊണ്ട് ഞെട്ടിച്ച് റമീസ്
അമര്‍നാഥ് എം.
Friday, 10th July 2026, 8:17 pm

ഈ വര്‍ഷം പലരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നാണ് ഐ, നോബഡി. റോഷാക്കിന് ശേഷം നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ബാങ്ക് മോഷണത്തില്‍ അറിയാതെ ഭാഗമാകേണ്ടി വന്ന നായകന്‍ പിന്നീട് നേരിടുന്ന പ്രശ്‌നങ്ങളാണ് ഐ, നോബഡിയുടെ കഥ.

കഥ അതിന്റെ അവസാനത്തിലേക്കെത്തുമ്പോള്‍ എഴുത്തുകാരന്റെ കൈയില്‍ നിന്ന് പോയെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാലും മേക്കിങ്ങില്‍ ഇത്രയധികം ഗംഭീരമായ മറ്റൊരു സിനിമ ഈയടുത്ത് കണ്ടിട്ടില്ലെന്നാണ് കമന്റുകള്‍. ഛായാഗ്രഹണവും എഡിറ്റിങ്ങും തുടങ്ങി സകല മേഖലകളും അവരുടെ നൂറ് ശതമാനം ഈ സിനിമക്ക് നല്‍കിയിട്ടുണ്ട്.

സിനിമ കണ്ടിറങ്ങിയ പലരെയും ഞെട്ടിച്ചത് ഇതിന്റെ എഡിറ്റിങ്ങാണ്. റമീസ് എം.ബിയാണ് ഐ, നോബഡിയെ അളന്നുമുറിച്ച് കട്ട് ചെയ്തത്. റമീസ് സ്വതന്ത്ര എഡിറ്ററാകുന്ന ആദ്യചിത്രമാണിത്. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക്, നേര് തുടങ്ങിയ സിനിമകളില്‍ എഡിറ്റിങ് അസിസ്റ്റന്റായി റമീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്ര എഡിറ്ററായ ആദ്യചിത്രത്തില്‍ തന്നെ റമീസ് ഞെട്ടിച്ചിട്ടുണ്ട്.

സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ടെക്സ്റ്റ് ബുക്കാണ് ഐ, നോബഡി. ട്രാന്‍സിഷന്‍ ഷോട്ടുകളുടെ ഒരു കലവറ തന്നെ ഈ ചിത്രത്തിലുണ്ട്. സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ഹൈവേ സീക്വന്‍സിലും റമീസിന്റെ കഴിവ് എടുത്തറിയാനാകും. ഇന്റര്‍വെല്ലിന് മുമ്പുള്ള സ്പ്ലിറ്റ് സ്‌ക്രീന്‍ ഷോട്ടും അതിലേക്ക് എത്തുന്ന രീതിയുമെല്ലാം ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ്.

എവിടെ, എങ്ങനെ കട്ട് ചെയ്യണമെന്ന് കൃത്യമായി അറിയാവുന്നയാളാണ് റമീസെന്ന് ഈയൊരു സിനിമ അടിവരയിടുന്നുണ്ട്. സംവിധായകന്‍ നിസ്സാം ബഷീര്‍ എന്താണോ മനസില്‍ കണ്ടത് അതിനെ കൃത്യമായി വരച്ചിടാന്‍ റമീസടക്കം എല്ലാ ടെക്‌നിക്കല്‍ ടീമിനും സാധിച്ചിട്ടുണ്ട്. ആദ്യ സിനിമയില്‍ തന്നെ ഇത്രയും ഗംഭീര വര്‍ക്ക് കാഴ്ചവെച്ച റമീസിനെ പ്രത്യേകം അഭിനന്ദിക്കണം.

അതേസമയം ആദ്യദിവസത്തെ സമ്മിശ്ര പ്രതികരണം സിനിമയുടെ ബുക്കിങ്ങിനെ സാമാന്യം നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. പലയിടത്തും ഷോ കൗണ്ട് കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ ബജറ്റിലൊരുങ്ങിയ ഐ, നോബഡി ബോക്‌സ് ഓഫീസില്‍ സേഫാകണമെങ്കില്‍ നല്ല കളക്ഷന്‍ ആവശ്യമാണ്. മഴക്കാലവും ചിത്രത്തിന് വെല്ലുവിളിയായേക്കും.

Content Highlight: Editing of I Nobody movie getting appreciations

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം