സൂര്യയോടുള്ള തന്റെ ആരാധനയെ പറ്റി സംസാരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ താന്‍ സൂര്യയുടെ ആരാധകനാണെന്ന് ദുല്‍ഖര്‍ പറഞ്ഞു. അദ്ദേഹത്തിന് വേണമെങ്കില്‍ സ്റ്റാര്‍ഡത്തിന് പിന്നാലെ പോകാമായിരുന്നു എന്നും എന്നാല്‍ അദ്ദേഹം നല്ല കഥകളാണ് തെരഞ്ഞെടുത്തതെന്നും ദുല്‍ഖര്‍ പറഞ്ഞു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

‘ആക്ടറാകുന്നതിന് മുമ്പ് തന്നെ ഞാന്‍ സൂര്യ സാറിന്റെ ആരാധകനാണ്. സൂര്യ സാറിന് വേണമെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിന്നാലെ മാത്രം പോകാമായിരുന്നു. എന്നാല്‍ നല്ല കഥകള്‍ അദ്ദേഹം തെരഞ്ഞെടുത്തു. അദ്ദേഹം ചെയ്തത് എനിക്ക് പ്രോചദനമായിട്ടുണ്ട്. മനുഷ്യനെന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്,’ ദുല്‍ഖര്‍ പറഞ്ഞു.

സൂര്യ കേരളത്തില്‍ വന്നപ്പോള്‍ ദുല്‍ഖറിന്റെ കാറിലാണോ സഞ്ചരിച്ചതെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘എനിക്ക് അദ്ദേഹത്തെ അറിയാം. സംവിധായകന്‍ സിദ്ദീഖ് സാറിന്റെ വീട്ടില്‍ പോകാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു,’ ദുല്‍ഖര്‍ പറഞ്ഞു.

സൂര്യക്കൊപ്പം അടുത്ത ചിത്രത്തില്‍ ദുല്‍ഖറുണ്ടാകുമെന്ന ഗോസിപ്പുകള്‍ സൂചിപ്പിച്ച് നിങ്ങള്‍ നല്ല സുഹൃത്തുക്കളാണല്ലേ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ ഇത് എങ്ങോട്ടാണ് പോകുന്നത് എന്നെനിക്കറിയാം, ഇപ്പോള്‍ നമുക്ക് കിങ് ഓഫ് കൊത്തയിലേക്ക് പോകാമെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

അതേസമയം ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്ത ലോകവ്യാപകമായി ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന കിങ് ഓഫ് കൊത്തയില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

Content Highlight: Dulquer Salmaan talks about his adoration for Suriya