മലയാളത്തിനൊപ്പം അന്യഭാഷയിലും മികച്ച സിനിമകളുമായി കളംനിറയുന്ന നടനാണ് ദുല്‍ഖര്‍. ചുരുങ്ങിയ കാലം കൊണ്ട് പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയ ദുല്‍ഖര്‍ വളരെ സെലക്ടീവായാണ് ഓരോ പ്രൊജക്ടും ഏറ്റെടുക്കുന്നത്. മലയാളത്തില്‍ വര്‍ഷത്തില്‍ ഒന്ന് എന്ന നിലയില്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ദുല്‍ഖറിന്റെ ലൈനപ്പില്‍ തെലുങ്ക് സിനിമകളാണ് ഇപ്പോള്‍ കൂടുതല്‍.
റിലീസിന് തയാറെടുക്കുന്ന ആകാസം ലോ ഒക്ക താരയില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്. ഇതുവരെ കാണാത്ത സിമ്പിളായിട്ടുള്ള ദുല്‍ഖറിനെയാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിലും കാണാന്‍ സാധിക്കുന്നത്. പൂജ ഹെഗ്‌ഡേയുമൊത്തുള്ള ശ്രീ ശ്രീയുടെ ഷൂട്ടും പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ദുല്‍ഖറിന്റെ ലൈനപ്പിലേക്ക് പുതിയ തെലുങ്ക് ചിത്രം കൂടി വന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്കില്‍ ഏറ്റവുമധികം ഫാന്‍ ഫോളോയിങ്ങുള്ള ഹിറ്റ് ഫ്രാഞ്ചൈസിയില്‍ ദുല്‍ഖറും ഭാഗമാകുന്നുണ്ടെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിറ്റിന്റെ അഞ്ചാം ഭാഗത്തില്‍ ദുല്‍ഖറാകും നായകനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാനി നിര്‍മിക്കുന്ന ഹിറ്റ് ഫ്രാഞ്ചൈസിയിലേക്ക് ദുല്‍ഖര്‍ എത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്.
തെലുങ്കിനൊപ്പം മലയാളത്തിലുമാകും ചിത്രം ഷൂട്ട് ചെയ്യുകയെന്നും 2027ല്‍ ഈ പ്രൊജക്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിറ്റ് ഫ്രാഞ്ചൈസിയുടെ സ്ഥിരം രീതിയനുസരിച്ച് നാലാം ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ ദുല്‍ഖറിനെ റിവീല്‍ ചെയ്‌തേക്കുമെന്നും സിനിമാപേജുകള്‍ പ്രവചിക്കുന്നു. പുറത്തുവന്ന മൂന്ന് സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഫ്രാഞ്ചൈസികളിലൊന്നാണ് ഹിറ്റ്.

ആദ്യഭാഗത്തില്‍ വിശ്വക് സെന്നും രണ്ടാം ഭാഗത്തില്‍ അദിവി ശേഷുമായിരുന്നു നായകന്മാര്‍. ഇന്‍വെസ്റ്റിഗേഷനില്‍ നിന്ന് മാറി വയലന്‍സിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ഹിറ്റ് 3യില്‍ നായകനായത് നാനിയായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ നാലാം ഭാഗത്തിന്റെ സൂചനയും നല്‍കിയിരുന്നു. കാര്‍ത്തിയാണ് ഹിറ്റ് 4ലെ നായകന്‍.
ആന്ധ്രയിലെ ഹൊമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓരോ ജില്ലയിലും നടക്കുന്ന കൊലപാതകങ്ങളുടെ അന്വേഷണമാണ് ഫ്രാഞ്ചൈസിയും കഥ. ഓരോ സിനിമയിലും ഓരോ കഥയും അതിന്റെ അന്വേഷണവുമാണ്. മുന്‍ ഭാഗങ്ങളിലെ നായകന്മാര്‍ തൊട്ടടുത്ത ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഓരോ സിനിമയും. ഇതേ ട്രെന്‍ഡാണെങ്കില്‍ ഹിറ്റ് 5ല്‍ ദുല്‍ഖറിനൊപ്പം നാനി, അദിവി ശേഷ്, കാര്‍ത്തി എന്നിവരില്‍ ആരെങ്കിലും അതിഥിവേഷം കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Rumors that Dulquer might be the lead hero of Hit Fifth case movie
