പ്രതിപക്ഷത്ത് ഇനി 'ഉദയസൂര്യന്‍'; തമിഴകത്ത് പ്രതിപക്ഷത്തെ നയിക്കാന്‍ ഉദയനിധി
national news
പ്രതിപക്ഷത്ത് ഇനി 'ഉദയസൂര്യന്‍'; തമിഴകത്ത് പ്രതിപക്ഷത്തെ നയിക്കാന്‍ ഉദയനിധി
ആദര്‍ശ് എം.കെ.
Sunday, 10th May 2026, 8:05 pm

 

ചെന്നൈ: 17ാം തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്ത് ഡി.എം.കെ. പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേര്‍ന്ന എം.എല്‍.എമാരുടെ ഉന്നതതല യോഗത്തിലാണ് ഉദയനിധിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

മുന്‍ ഉപമുഖ്യമന്ത്രിയായ ഉദയനിധി, നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ഡി.എം.കെയെ ഇനി സഭയില്‍ നയിക്കും.

മുതിര്‍ന്ന നേതാവ് കെ.എന്‍. നെഹ്റുവിനെ നിയമസഭാ കക്ഷി ഉപനേതാവായും മുന്‍ മന്ത്രി ഇ.വി. വേലുവിനെ പാര്‍ട്ടി വിപ്പായും തിരഞ്ഞെടുത്തു.

മുഖ്യമന്ത്രിയും പിതാവുമായ എം.കെ. സ്റ്റാലിനടക്കം തമിഴ് രാഷ്ട്രീയത്തിലെ വന്‍മരങ്ങള്‍ കടപുഴകിയ തെരഞ്ഞെടുപ്പില്‍ കോട്ടയായ ചെപ്പോക്ക്-തിരുവള്ളിക്കേനി നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഉദയനിധി വിജയിച്ചത്.

തമിഴക വെട്രി കഴകം സ്ഥാനാര്‍ത്ഥിയായ സെല്‍വം ഡിയെ 7,140 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഉദയനിധി 62,992 വോട്ടുകള്‍ നേടിയപ്പോള്‍, സെല്‍വത്തിന് 55,852 വോട്ടുകളാണ് ലഭിച്ചത്

ടി.വി.കെ അധ്യക്ഷന്‍ വിജയ്‌ തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച പ്രഖ്യാപനം വന്നത്.

ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ പാര്‍ട്ടികളുടെ ദീര്‍ഘകാല ആധിപത്യം അവസാനിപ്പിച്ച് ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

സിനിമ താരങ്ങളായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനാകും വരും ദിവസങ്ങളില്‍ തമിഴ്നാട് നിയമസഭ സാക്ഷ്യം വഹിക്കുക.

 

Content Highlight: DMK elects Udhayanidhi Stalin as Leader of Opposition in the 17th Tamil Nadu Legislative Assembly.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.