മലയാള സിനിമയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും വലിയ പ്രേക്ഷകശ്രദ്ധ ലഭിക്കുന്ന കാലമാണിത്. മലയാള സിനിമയിലെ അഭിനേതാക്കളെയും സിനിമകളെയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്ന് പറയുകയാണ് പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി. ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്ന ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഭാവന സ്റ്റുഡിയോസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ പ്രതികരണം. മലയാള സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി തനിക്ക് തോന്നുന്നത് മികച്ച അഭിനയവും എഴുത്തുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ ഒരുപാട് മലയാള സിനിമകൾ കണ്ടിട്ടില്ല. പക്ഷേ ഫഹദിന്റെ ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ രാജമൗലി പറഞ്ഞു.

രാജമൗലി. Photo. IMDb. Screen Grab/ Youtube

ഫഹദ് ഫാസിലിന്റെ സിനിമകളിൽ ‘ട്രാൻസ്’ ആണ് തന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നെന്നും രാജമൗലി വ്യക്തമാക്കി. ‘ആവേശം’ ഉൾപ്പെടെയുള്ള ഫഹദിന്റെ പുതിയ സിനിമകളും താൻ ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫഹദിനോട് താൻ എപ്പോഴും പറയുന്ന ഒരു കാര്യത്തെക്കുറിച്ചും രാജമൗലി രസകരമായി സംസാരിച്ചു.

‘ട്രാൻസ് എന്റെ ഓൾ ടൈം ഫേവറിറ്റാണ്. തീർച്ചയായും ‘ആവേശവും ഞാൻ വളരെ ആസ്വദിച്ച് കണ്ടിട്ടുണ്ട്,’ രാജമൗലി പറഞ്ഞു.

മോഹൻലാലിന്റെ ദൃശ്യം 1, ദൃശ്യം 2 എന്നിവയും തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളാണെന്ന് രാജമൗലി പറഞ്ഞു. ‘ബ്രോ ഡാഡി’ അടുത്തിടെ കണ്ടതായും സിനിമയിലെ ഡയലോഗുകൾ പോലും ആവർത്തിച്ചുപറയുന്ന തരത്തിൽ അത് ആസ്വദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എന്റെ ഓൾ ടൈം ഫേവറിറ്റുകളിൽ ഒന്നാണ് ലാൽ സാറിന്റെ ദൃശ്യം. ദൃശ്യം 1, ദൃശ്യം 2 എന്നിവ എന്റെ ഓൾ ടൈം ഫേവറിറ്റുകളാണ്. രണ്ട് ദിവസം മുമ്പാണ് ‘ബ്രോ ഡാഡി’ കണ്ടത്. ഇപ്പോഴും അതിലെ ഡയലോഗുകൾ ഇവരോടൊക്കെ ആവർത്തിച്ചുപറയാറുണ്ട്,’ രാജമൗലി പറഞ്ഞു.

ചെറിയ സിനിമകൾ മുതൽ വലിയ ചിത്രങ്ങൾ വരെയും സാമൂഹിക വിഷയങ്ങൾ പറയുന്ന സിനിമകൾ, പ്രണയകഥകൾ, ആക്ഷൻ സിനിമകൾ, ത്രില്ലറുകൾ തുടങ്ങി വ്യത്യസ്തമായ സിനിമകൾ മലയാളം ഒരുക്കുന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും രാജമൗലി പറഞ്ഞു. മലയാള സിനിമയുടെ ഏറ്റവും ഉയർന്ന നിലവാരമായി താൻ കാണുന്നത് അഭിനയവും എഴുത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദൃശ്യം . Photo. IMDb

‘ചെറിയ സിനിമകൾ മുതൽ വലിയ സിനിമകൾ വരെ, സോഷ്യലി കോൺഷ്യസ് സിനിമകൾ മുതൽ ലവ് സ്റ്റോറികളും ആക്ഷനും ത്രില്ലറുകളും വരെ മലയാള സിനിമ ചെയ്യുന്നു. മലയാള സിനിമയിലെ ഏറ്റവും ഉയർന്ന ക്വാളിറ്റി എന്താണെന്ന് ചോദിച്ചാൽ ഞാൻ പറയുക അഭിനയവും എഴുത്തുമാണ്. എഴുത്തും അഭിനയവും ഏറ്റവും മികച്ചതാണ്,’ രാജമൗലി വ്യക്തമാക്കി.

Content Highlight: Director S.S. Rajamouli opens up about his favourite Malayalam films