മലയാള സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും നേടിയ അതിഗംഭീര വിജയത്തിന് ശേഷം മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോൾ ജോർജ്‌കുട്ടി ഇനി എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.
കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന ഒരു സാധാരണ മനുഷ്യനെയാണ് ദൃശ്യത്തിലൂടെ പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ് .
ദൃശ്യം 3, Photo: YouTube/ Screengrab
ജോർജ്‌കുട്ടിയെ അനാഥനാക്കിയതാണ് ആ കഥാപാത്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് ജീത്തു ജോസഫ് പറയുന്നു. “ജോർജ്‌കുട്ടിയെ അനാഥനാക്കിയത് മനപൂർവമാണ്. അയാൾക്ക് അച്ഛനും അമ്മയും നാലഞ്ച് സഹോദരങ്ങളും ഉണ്ടായിരുന്നെങ്കിൽ ദൃശ്യത്തിന്റെ കഥ തന്നെ മാറിപ്പോയേനേ.
ജോർജ്‌കുട്ടി അനാഥനാണ് എന്നതാണ് അയാളുടെ ശക്തി. കഥയുടെ ശക്തിയും അതുതന്നെയാണ്. ഒറ്റയ്ക്കുനിന്ന് പൊരുതുന്ന ആളാണ് ജോർജ്‌കുട്ടി,’ എന്നാണ് ജീത്തു ജോസഫ് പറഞ്ഞത്.
ദൃശ്യം രണ്ടാം ഭാഗം പ്രഖ്യാപിച്ച സമയത്ത് തന്നെ പലഭാഗത്തുനിന്നും ആളുകൾ കഥകൾ അയച്ചുതുടങ്ങിയിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. ‘ഉത്തരേന്ത്യയിൽ നിന്നുപോലും ആളുകൾ കഥ അയയ്ക്കാൻ തുടങ്ങി.
ദൃശ്യം , Photo: IMDb
സോഷ്യൽ മീഡിയ മുഴുവൻ ദൃശ്യം 2ന്റെ കഥകളായിരുന്നു. രണ്ടാം ഭാഗം പുറത്തിറങ്ങിയതിന് പിന്നാലെ മൂന്നാം ഭാഗത്തിന്റെ കഥകളും ഇതുപോലെ വരാൻ തുടങ്ങി. എന്നാൽ ഇതുവരെ ഒരു കഥ പോലും ഞാൻ തുറന്ന് നോക്കിയിട്ടില്ല,’ എന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യം 3യെ കുറിച്ചുള്ള തന്റെ വിശ്വാസവും സംവിധായകൻ തുറന്ന് പറഞ്ഞു. ‘ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിലുള്ള വിശ്വാസം എന്താണെന്ന് ചോദിച്ചാൽ ഇതൊരു നല്ല സിനിമയാണ് എന്നതുമാത്രമാണ്,’ എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
ജീത്തുവിന്റെ ഈ പ്രതികരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെ ഒറ്റപ്പെട്ട ജീവിതവും അനുഭവങ്ങളുമാണ് ദൃശ്യത്തെ മറ്റു ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.
ദൃശ്യം3 , Photo: IMDb
മോഹൻലാൽ വീണ്ടും ജോർജ്‌കുട്ടിയായി എത്തുന്ന ചിത്രത്തിൽ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്.
2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെയും പിന്നീട് എത്തിയ രണ്ടാം ഭാഗത്തിന്റെയും വൻ വിജയത്തിന് ശേഷം മൂന്നാം ഭാഗം, മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് 21ന് തിയേറ്ററുകളിലെത്തും.
Content Highlight: Director Jeethu Joseph says that Georgekutty’s strength is that he is an orphan.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.