സൂര്യയ്ക്ക് വെല്ലുവിളി, പക്ഷേ അഭിഷേകിന്റെ കാര്യം അങ്ങനെയല്ല; ദിനേശ് കാര്‍ത്തിക്
2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് (ഫെബ്രുവരി 15ന്) കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ആരാകും വിജയം സ്വന്തമാക്കുകയെന്നാണ് ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത്.
മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെക്കുറിച്ചും വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെക്കുറിച്ചും സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ദിനേശ് കാര്‍ത്തിക്.

സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങിനിടെ – Photo: BCCI
സൂര്യ നല്ല പിച്ചുകളില്‍ എപ്പോഴും നല്ല കളക്കാരനാണെന്നും എന്നാല്‍ പേസ് കുറവുള്ള പിച്ചില്‍ സൂര്യ വെല്ലുവിളി നേരിടുമെന്നും കാര്‍ത്തിക് പറഞ്ഞു. മാത്രമല്ല അഭിഷേക് ശര്‍മയാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രമെന്നും സ്പിന്നിനെതിരെ താരം മികച്ച പ്രകടനം നടത്തുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.
‘നല്ല പിച്ചുകളില്‍ സൂര്യ എപ്പോഴും വളരെ മികച്ച കളിക്കാരനാണ്. അല്പം പേസ് കുറഞ്ഞ പിച്ചുകളില്‍ അദ്ദേഹത്തിന് വെല്ലുവിളികളുണ്ട്. പേസ് ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ ബാറ്റിങ്. അത് അദ്ദേഹത്തിന് അത്ര ലഭിക്കില്ല. അദ്ദേഹം ഒരു നല്ല സ്പിന്‍ കളിക്കാരനാണ്. എന്നാല്‍ സ്വീപ്പ് ഒഴികെയുള്ള ഷോട്ടുകള്‍ അദ്ദേഹം എങ്ങനെ കളിക്കുമെന്നത് അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചിരിക്കും.

അഭിഷേക് – Photo BCCI
അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയിലെ പ്രധാനി, കാരണം അദ്ദേഹം ഇന്ത്യയെ മികച്ച തുടക്കത്തിലേക്ക് നയിച്ചാല്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമായി കാണപ്പെടും. സ്പിന്‍ കളിക്കുമ്പോള്‍ അദ്ദേഹം ക്രീസിന് പുറത്തേക്ക് ഇറങ്ങും, അതിനാല്‍ വേഗത കുറഞ്ഞ പിച്ചില്‍ അദ്ദേഹം എങ്ങനെ കളിക്കുമെന്ന് കാണാന്‍ രസകരമായിരിക്കും,’ കാര്‍ത്തിക് ക്രിക്ക് ബസുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഭിഷേക് കളിച്ചെങ്കിലും നമീബിയക്കെതിരായ രണ്ടാം മത്സരത്തില്‍ ആരോഗ്യ പ്രശ്‌നം കാരണം താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. പകരം സഞ്ജു സാംസനാണ് ഓപ്പണിങ്ങിലെത്തിയത്. എന്നാല്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മ തിരിച്ചെത്തിയിരിക്കുകയാണ്. നിര്‍ണായക മത്സരത്തില്‍ താരം മികച്ച പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Dinesh Kartik Talking About Suryakumar Yadav And Abhishek Sharma