മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ വളയം തന്റെ കൈകളിലാണെന്ന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഉപമുഖ്യമന്ത്രി അജിത് പവാര്‍ താക്കറെയെ പരോക്ഷമായി കളിയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. താക്കറെയ്ക്ക് ജന്മദിനാശംസകളയച്ച് അജിത് പവാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്.
താക്കറെയുമായി ഒരു വണ്ടിയിലിരിക്കുന്ന ഫോട്ടോയാണ് അജിത് പവാര്‍ ട്വീറ്റ് ചെയ്തത്. ഈ വണ്ടിയുടെ സ്റ്റിയറിങ് പവാറിന്റെ കൈകളിലാണ്.
‘ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനും മഹാവികാസ് അഗാഡി സര്‍ക്കാരിന്റെ നേതാവുമായ ഉദ്ദവ് താക്കറെജിക്ക് ജന്മദിനാശംസകള്‍. ആരോഗ്യവും ദീര്‍ഘായുസ്സും ആശംസിക്കുന്നു’, എന്‍.സി.പി നേതാവുകൂടിയായ അജിത് പവാര്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ നിശബ്ദമായി താക്കറെയുടെ ‘വളയം’ പരാമര്‍ശത്തിന് നേരെ ഒളിയമ്പ് പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അജിത് പവാറിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
ദാദ, മുഖ്യമന്ത്രിക്ക് ജന്മദിനാംശസ അറിയിക്കാന്‍ താങ്കള്‍ എന്തിനാണ് ഈ ചിത്രം ഉപയോഗിച്ചത്? എന്ത് വളയമാണ് താങ്കളുടെ പക്കലുള്ളത്? തുടങ്ങിയ ചോദ്യങ്ങളാണ് അജിത് പവാറിന്റെ ട്വീറ്റിന് താഴെ ഉയരുന്നത്.
ഞായറാഴ്ചയാണ് ബി.ജെ.പിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ ഈ പരാമര്‍ശം നടത്തിയക്. മുച്ചക്ര സര്‍ക്കാരാണെങ്കില്‍ പോലും അതിന്റെ വളയം തന്റെ കൈകകളില്‍ ഭദ്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതിപക്ഷത്തിന്റെ കൈകളില്‍ അല്ല തന്റെ സര്‍ക്കാരിന്റെ ഭാവിയിരിക്കുന്നതെന്നും താക്കറെ പറഞ്ഞു.
” എന്റെ സര്‍ക്കാരിന്റെ ഭാവി പ്രതിപക്ഷത്തിന്റെ കയ്യിലല്ല, മുച്ചക്ര വാഹനം സാധാരണക്കാരന്റെ വാഹനമാണ്. മറ്റ് രണ്ട് പേരും പിന്നിലിരിക്കുകയാണ്,”എന്നാണ് താക്കറെ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
