ലോകത്ത് ഇത്രയും സ്‌റ്റേജ് ഷോസ് ചെയ്ത നടന്‍ വേറെയുണ്ടാകില്ല: ധ്യാന്‍ ശ്രീനിവാസന്‍
Malayalam Cinema
ലോകത്ത് ഇത്രയും സ്‌റ്റേജ് ഷോസ് ചെയ്ത നടന്‍ വേറെയുണ്ടാകില്ല: ധ്യാന്‍ ശ്രീനിവാസന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 29th July 2026, 9:27 am

നാലുപതിറ്റാണ്ടിലധികമായി മോളിവുഡില്‍ സൂപ്പര്‍താരമായി നിലകൊള്ളുന്ന അഭിനേതാവാണ് മോഹന്‍ലാല്‍. മികച്ച ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും ബോക്‌സ് ഓഫീസിന്റെ വലിപ്പം കൊണ്ട് വളരെ ചെറിയ ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. എന്നാല്‍ മലയാള സിനിമകളെ മുന്നില്‍ നിന്ന് പല കോടി ക്ലബ്ബുകളിലേക്കും കൈ പിടിച്ചുയര്‍ത്താന്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെ ആദ്യ അമ്പത് കോടി ക്ലബ്ബിലും പുലിമുരുകനിലൂടെ ആദ്യ നൂറ് കോടി ക്ലബ്ബിലും ഇടം നേടാനായത് താരത്തിന് മലയാളി പ്രേക്ഷകര്‍ക്ക് മേലുള്ള സ്വാധീനം കൊണ്ടാണ്.

Photo: Manorama Online

ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 3, 240 കോടിയിലധികമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. സിനിമയ്ക്ക് പുറത്ത് താരം വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത് വിദേശ രാജ്യങ്ങളില്‍ അവതരിപ്പിച്ച സ്‌റ്റേജ് ഷോകളിലൂടെയായിരുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അടക്കം താരം അവതരിപ്പിച്ച ഷോകളുടെ ദൃശ്യങ്ങള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. സാനിയയും സ്വാസികയുമൊത്തുള്ള നൃത്തച്ചുവടുകള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ലൈവ് ഷോകളിലെ താരത്തിന്റെ എനര്‍ജിയെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നെങ്കിലും വലിയ സൂപ്പര്‍ താരമായിട്ടും സ്റ്റേജ് ഷോകള്‍ ചെയ്യുന്നതിനെ പലരും വിമര്‍ശിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിനൊപ്പം വിദേശരാജ്യങ്ങളില്‍ വേദി പങ്കിട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. വണ്‍ 2 ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ എനര്‍ജിയെ കുറിച്ചും പോസിറ്റീവ് വൈബിനെ കുറിച്ചും ധ്യാന്‍ പങ്കുവെച്ചത്.

മോഹന്‍ലാല്‍ ഏറ്റവും ആസ്വദിച്ച് ചെയ്യുന്ന ജോലിയാണ് സ്‌റ്റേജ് ഇവന്റുകളെന്ന് ധ്യാന്‍ പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌റ്റേജ് ഷോകളും പെര്‍ഫോമന്‍സും ചെയ്ത മുന്‍നിര നടന്‍ മോഹന്‍ലാല്‍ ആയിരിക്കുമെന്നും അദ്ദേഹത്തിന്റെ എനര്‍ജിയിലാണ് നമ്മളെല്ലാവരും പങ്കെടുത്തതെന്നും ധ്യാന്‍ പറഞ്ഞു. അതിനാല്‍ തന്നെ എല്ലാവരും ആസ്വദിച്ച് ചെയ്ത പരിപാടിയായിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

ദൃശ്യം 3യിലൂടെ ആദ്യ 2026ന്റെ ആദ്യ പകുതി സ്വന്തമാക്കിയ മോഹന്‍ലാലിന്റേതായി വമ്പന്‍ ചിത്രങ്ങളാണ് അടുത്ത മാസങ്ങളില്‍ വരാനിരിക്കുന്നത്. താരം കാമിയോ റോളിലെത്തുന്ന തുടക്കം, ഖലീഫ, ജയിലര്‍ 2, തുടങ്ങിയവയ്ക്ക് പുറമെ തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന അതിമനോഹരവും തിയേറ്ററുകളിലേക്കെത്തുന്നുണ്ട്.

Content Highlight: Dhyan Sreenivasan talks about Mohanlal’s stage shows

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.