ജവാനും പുഷ്പയുമൊക്കെ കരുതിയിരുന്നോ, എല്ലാത്തിനേം ഹംസ തീര്‍ക്കുന്നുണ്ട്, ആറ് ദിവസം ബാക്കി നില്‍ക്കെ പ്രീ സെയിലിലൂടെ നേടിയത് 21 കോടി
Indian Cinema
ജവാനും പുഷ്പയുമൊക്കെ കരുതിയിരുന്നോ, എല്ലാത്തിനേം ഹംസ തീര്‍ക്കുന്നുണ്ട്, ആറ് ദിവസം ബാക്കി നില്‍ക്കെ പ്രീ സെയിലിലൂടെ നേടിയത് 21 കോടി
അമര്‍നാഥ് എം.
Friday, 13th March 2026, 11:02 am

വലിയ ചലനമൊന്നുമില്ലാതെ കിടക്കുന്ന തിയേറ്ററുകളെ ഉണര്‍ത്തുമെന്ന് പലരും കരുതുന്ന ചിത്രമാണ് ധുരന്ധര്‍ 2. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ധുരന്ധറിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സൃഷ്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. മാര്‍ച്ച് 19ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രീ സെയില്‍ പലരെയും അത്ഭുതപ്പെടുത്തുകയാണ്.

റിലീസിന്റെ തലേദിവസം പെയ്ഡ് പ്രീമിയര്‍ നടത്താന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ റിലീസ് സെന്ററുകളിലും മാര്‍ച്ച് 18ന് പ്രീമിയറിന്റെ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. പെയ്ഡ് പ്രീമിയറായതിനാല്‍ മാര്‍ച്ച് 18ന് ലഭിക്കുന്ന കളക്ഷന്‍ 19ാം തിയതിയിലെ കളക്ഷനൊപ്പമാകും ചേര്‍ക്കുക. നിര്‍മാതാക്കളുടെ ഈ നീക്കത്തെ അഭിനന്ദിച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്.

പെയ്ഡ് പ്രീമിയറിന്റെ ബുക്കിങ്ങിലൂടെ മാത്രം ഇതിനോടകം 21 കോടിയിലധികം ധുരന്ധര്‍ 2 സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ഹിന്ദി ചിത്രമായി ധുരന്ധര്‍ 2 മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാനാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 30 കോടിയാണ് ചിത്രം പ്രീ സെയിലിലൂടെ ഇന്ത്യയില്‍ നിന്ന് നേടിയത്.

പുഷ്പ 2ന്റെ ഹിന്ദി പതിപ്പാണ് രണ്ടാമത്. 29 കോടിയായിരുന്നു ചിത്രത്തിന്റെ പ്രീ സെയില്‍ കളക്ഷന്‍. പത്താന്‍ (27 കോടി) കെ.ജി.എഫ് ചാപ്റ്റര്‍ 2 (26.5 കോടി), അനിമല്‍ (23 കോടി) എന്നിവയാണ് ലിസ്റ്റിലെ മറ്റ് സിനിമകള്‍. ഇതിനെയെല്ലാം മറികടന്ന് ഒന്നാമതെത്താന്‍ ധുരന്ധര്‍ 2ന് സാധിക്കുമെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍.

റിലീസിന് ഇനിയും ആറ് ദിവസം ബാക്കി നില്‍ക്കെ വേള്‍ഡ്‌വൈഡ് പ്രീ സെയില്‍ 50 കോടി കടന്നിരിക്കുകയാണ്. ജി.സി.സി രാജ്യങ്ങളില്‍ ധുരന്ധറിന് വിലക്കുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ ഗംഭീര കളക്ഷനാണ് ലഭിക്കുന്നത്. 100 കോടി ഓപ്പണിങ് കളക്ഷന്‍ നേടാന്‍ സാധ്യതയുണ്ടെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

വലിയ ഹൈപ്പൊന്നുമില്ലാതെ വന്ന് 1400 കോടിയാണ് ധുരന്ധറിന്റെ ആദ്യഭാഗം നേടിയത്. ഇതേ വിജയം രണ്ടാം ഭാഗത്തിനും ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. രണ്ട് ഭാഗങ്ങളുടെയും ഷൂട്ട് ഒരുമിച്ച് പൂര്‍ത്തിയാക്കിയതുകൊണ്ടാണ് ചെറിയ ഇടവേളയില്‍ രണ്ട് പാര്‍ട്ടും പുറത്തിറക്കുന്നത്. പാകിസ്ഥാനിലെ അധോലോകത്തിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ചിത്രം പറയുന്നത്.

രണ്‍വീര്‍ സിങ്ങിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം തന്നെയാണ് ധുരന്ധറിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ആദ്യഭാഗത്തില്‍ വില്ലനായി ഞെട്ടിച്ച അക്ഷയ് ഖന്നയുടെ അഭാവം രണ്ടാം ഭാഗത്തിന് തിരിച്ചടിയാകുമെന്ന് ചിലര്‍ കരുതുന്നുണ്ട്. ഹംസയുടെ രണ്ടാം വരവില്‍ ഏതൊക്കെ റെക്കോഡ് തകരുമെന്ന് കണ്ടറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Dhurandhar 2 pre sales crossed 50 crores worldwide

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം