ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ പലതും തിരുത്തിക്കുറിക്കുകയാണ് ബോളിവുഡ് ചിത്രം ധുരന്ധര്‍ 2. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 500 കോടിയിലേറെ നേടിക്കഴിഞ്ഞു. ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗത്തെക്കുറിച്ചും വിമര്‍ശനങ്ങളുണ്ട്. സംവിധായകന്‍ പ്രൊപ്പഗണ്ട ഒളിച്ചുകടത്തിയതിനെ പലരും വിമര്‍ശിക്കുന്നുണ്ട്.
എന്നാല്‍ സിനിമയുടെ ഭാഗമല്ലാതിരുന്നിട്ടും വിമര്‍ശനമേറ്റുവാങ്ങുകയാണ് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണ്‍. രണ്‍വീര്‍ സിങ്ങിന്റെ പങ്കാളിയായ ദീപികയെ സംഘപരിവാര്‍ അനുകൂലികള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ധുരന്ധര്‍ 2ന് ഇതുവരെ ദീപിക സമൂഹമാധ്യമങ്ങളില്‍ യാതൊരു പ്രൊമോഷനും ചെയ്തിട്ടില്ലെന്നാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ അഭിപ്രായപ്പെടുന്നത്.
ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനിടെ ആകെ രണ്ട് സ്റ്റോറി മാത്രമാണ് ദീപിക പങ്കുവെച്ചത്. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചതിനെക്കുറിച്ചുള്ള സ്റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ പ്രീമിയര്‍ ഷോ കാണുന്നതിന്റെ സ്‌റ്റോറിയും താരം പങ്കുവെച്ചു. ഇത്രയും ഗംഭീരമായ സിനിമ പ്രൊമോട്ട് ചെയ്യുന്നില്ലെന്നാണ് പലരും ആരോപിക്കുന്നത്.
ദീപികക്ക് രാജ്യസ്‌നേഹമില്ലെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. സി.എ.എ സമരത്തിന്റെ സമയത്ത് താരം ജെ.എന്‍.യുവില്‍ പോയി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍ എന്ന ചിത്രത്തിലും സംഘപരിവാറിന്റെ കണ്ണിലെ കരടായി ദീപിക മാറി. ഇപ്പോഴിതാ ധുരന്ധറിന് പ്രൊമോഷന്‍ നടത്താത്തതിലും ദീപിക വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്.
സംവിധായകന്‍ ആദിത്യ ധറിന്റെ പങ്കാളിയായ യാമി ഗൗതമിനെയാണ് പലരും ദീപികക്ക് എതിരെ ഉദാഹരണമായി കാണിക്കുന്നത്. ആദിത്യ ധറിന് യാമി ശക്തമായ പിന്തുണയാണ് നല്‍കുന്നതെന്നാണ് ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നത്. ദീപിക പദുകോണ്‍ യാമി ഗൗതമിനെ കണ്ടു പഠിക്കണമെന്നാണ് പലരുടെയും പോസ്റ്റുകള്‍. പരമ്പരാഗത വസ്ത്രധാരണരീതിയില്‍ ആദിത്യ ധറും യാമി ഗൗതമും നില്‍ക്കുന്ന ചിത്രവും മോഡേണ്‍ ഡ്രസ് ധരിച്ച് ദീപിക പദുകോണ്‍ നില്‍ക്കുന്ന ഫോട്ടോയുമാണ് പോസ്റ്റുകളിലുള്ളത്.
ഹിന്ദുത്വ, വലതുപക്ഷ ആശയങ്ങള്‍ പ്രൊമോട്ട് ചെയ്യുന്ന സിനിമകള്‍ ചെയ്യുന്ന സംവിധായകരെ വാനോളം പുകഴ്ത്തുകയും ഫാസിസത്തിനെതിരെ ശബ്ദിക്കുന്ന ആര്‍ട്ടിസ്റ്റുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന ഇത്തരം പ്രൊഫൈലുകളുടെ പുതിയ ഇരയാണ് ദീപിക പദുകോണ്‍. യാമി ഗൗതമിനെയും ആദിത്യ ധറിനെയും രാജ്യസ്‌നേഹത്തിന്റെ ഉദാഹരണങ്ങളാക്കിയിരിക്കുകയാണ് ഇക്കൂട്ടര്‍.
Content Highlight: Deepika Padukone getting cyber attack by Sangh Parivar profiles after Dhurandhar 2 release