മോഡൽ, അഭിനേത്രി എന്നീ നിലകളിൽ ശ്രദ്ധേയയായ താരമാണ് ദീപ തോമസ്. കരിക്ക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. 2019-ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു ദീപയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് ട്രാൻസ്, മോഹൻ കുമാർ ഫാൻസ്, ഹോം തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഹോം എന്ന ചിത്രത്തിൽ ദീപ അവതരിപ്പിച്ച പ്രിയ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ തന്റെ സിനിമാ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് നടി. ഇൻഡിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദീപ തോമസ്.

ദീപ തോമസ്. Photo. Screen grab/ Youtube

മലയാള സിനിമയിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കുന്നത് കുറവായി തോന്നിയിട്ടുണ്ടെന്നും ചെറിയ സിനിമകൾക്ക് വേണ്ടത്ര പിന്തുണ ലഭിക്കാറില്ലെന്നും ദീപാ തോമസ് വ്യക്തമാക്കുന്നു.

‘മലയാള സിനിമയെ മറ്റു ഇൻഡസ്ട്രികളുമായി താരതമ്യം ചെയ്യുമ്പോൾ അഭിനേതാവ് എന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയൊക്കെ ഒരുപോലെയാണ്. പക്ഷേ അഭിനന്ദനങ്ങൾ വരുന്നത് കുറവായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം നമ്മൾ ഇപ്പോൾ ഒരു നല്ല പ്രൊജക്റ്റ് ഒക്കെ ചെയ്തിട്ടുണ്ടെങ്കിൽ പേഴ്‌സണലായി നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് മെസ്സേജുകൾ വരാറുണ്ട്, പക്ഷേ ആ സിനിമയെപ്പറ്റി പുറത്തു സംസാരിക്കുന്നത് കുറവാണ്.

അല്ലെങ്കിൽ ആ സിനിമ വലിയ പ്രൊഡക്ഷൻ കമ്പനിയുടേതൊക്കെ ആയിരിക്കണം, അല്ലാതെ ചെറിയ സിനിമകൾക്ക് അത്തരത്തിലുള്ള പിന്തുണ കിട്ടുന്നത് കുറവായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അത് വ്യക്തിപരമായിട്ട് എനിക്ക് അനുഭവപ്പെട്ടത് പെരുമാനി എന്ന സിനിമ ചെയ്തപ്പോഴായിരുന്നു,’ദീപ തോമസ് പറഞ്ഞു.

തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് നടൻ മഹേഷ് ബാബു ഗാരു പേരെടുത്ത് അഭിനന്ദിച്ചപ്പോൾ തനിക്ക് വളരെയധികം കൗതുകം തോന്നിയെന്ന് ദീപാ തോമസ് പറയുന്നു.

‘എന്റെ തെലുങ്ക് സിനിമയായ റാവു ബഹാദൂർ ചെയ്ത സമയത്ത്, മഹേഷ് ബാബു ഗാരു ഈ സിനിമ ഇറങ്ങുന്നതിനു മുമ്പ് കണ്ടിട്ട് പുള്ളി എന്റെ പേര് പേഴ്സണലായി പറഞ്ഞ് ട്വീറ്റ് ചെയ്തിട്ടുണ്ടായിരുന്നു. പുള്ളിക്ക് അവിടെ അതിന്റെ ഒരു ആവശ്യവുമില്ല, കാരണം ഞാൻ ഒരു തുടക്കക്കാരിയാണ്. പുള്ളിക്ക് സിനിമയിലെ നായകനായ സത്യദേവിനെ മാത്രം മെൻഷൻ ചെയ്താൽ മതിയായിരുന്നു.

അപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി. വലിയ സെലിബ്രിറ്റീസൊക്കെ അങ്ങനെ ചെയ്യുമോ എന്നൊരു കൗതുകം എനിക്ക് വന്നത് ആ ഒരു പോയിന്റിലായിരുന്നു. അതാണ് ഞാൻ പറഞ്ഞത്, മലയാളത്തിൽ മറ്റു ഇൻഡസ്ട്രികളുമായി വച്ചു നോക്കുമ്പോൾ അഭിനന്ദനം ലഭിക്കുന്നത് കുറവാണെന്ന്,’ നടി പറഞ്ഞു.

തന്റെ സിനിമയായ പെരുമാനിക്ക് തിയേറ്ററുകളിൽ നിന്ന് ലഭിക്കാത്ത മികച്ച പ്രതികരണങ്ങൾ ഒ.ടി.ടിയിൽ എത്തിയപ്പോൾ ലഭിച്ചതിൽ സന്തോഷവും അതേസമയം നിരാശയും തോന്നിയെന്നും, ചില സിനിമകളെയൊക്കെ ഇല്ലാതാക്കിക്കളയുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും താരം ചൂണ്ടിക്കാണിക്കുന്നു.

‘ഈയൊരു കാര്യത്തിന് എപ്പോഴാണ് മാറ്റം വരിക എന്ന് അറിയില്ല. എന്റെ സിനിമയായ പെരുമാനി റിലീസ് ചെയ്തപ്പോൾ എനിക്കാകുന്ന രീതിയിൽ എല്ലാവരോടും തിയേറ്ററിൽ പോയി സിനിമ കാണാൻ ഞാൻ പറഞ്ഞിരുന്നു. പക്ഷേ സിനിമ തിയേറ്ററുകളിൽ നിന്ന് ഒ.ടി.ടിയിൽ വന്നപ്പോഴാണ് കൂടുതൽ ആളുകൾ കണ്ടിട്ട് ഇത് തിയേറ്ററുകളിൽ മിസ്സ് ചെയ്ത ഒരു മികച്ച സിനിമയായിരുന്നു എന്ന് പറഞ്ഞത്.

ആ സിനിമ കുമ്പളങ്ങി നൈറ്റ്‌സ്, സുഡാനി ഫ്രം നൈജീരിയ പോലെയൊന്നാണെന്ന് കേട്ടപ്പോഴാണ് തിയേറ്ററുകളിൽ പോയിത്തന്നെ സിനിമയെ പിന്തുണയ്ക്കണം എന്ന് ഞാൻ മുമ്പ് പറഞ്ഞരുന്നത്. അതുകൊണ്ടു തന്നെ ചില നല്ല സിനിമകളെയൊക്കെ ഇല്ലാതെയാക്കിക്കളയുന്ന
പോലെ എനിക്ക് തോന്നിയിട്ടുണ്ട്,’ ദീപ തോമസ് പറഞ്ഞു.

ദീപ തോമസ്. Photo. Screen grab/ Youtube

Content Highlight: Deepa Thomas points out that Malayalam cinema lacks public appreciation for good work