കടപ്പാട്:- മാധ്യമം

ചെര്‍പ്പുളശ്ശേരി: ദളിത് ആചാര്യന്‍മാരെ കാര്‍മ്മികന്‍മാരാക്കി മഹായാഗം നടത്താന്‍ തീരുമാനിച്ച ദളിത് പൂജാരി ബിജു നാരായണനുനേരെ വധശ്രമം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ബിജു നാരായണനുനേരെ ആക്രമണം നടന്നത്.

അടുക്കളഭാഗത്തു കൂടി വീടിനകത്ത് കയറിയ അജ്ഞാതന്‍ കത്തികൊണ്ടു ബിജുവിനെ കുത്തുകയായിരുന്നുവെന്ന് മാതൃകുലം ധര്‍മ്മാശ്രമം സെക്രട്ടറി മണിയെ ഉദ്ധരിച്ച് നാരദാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൈയിലും മുതുകിലും പരിക്കേറ്റ ബിജുവിനെ ചെര്‍പ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.


Also Read: ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യം മുഴക്കി പട്ടേല്‍ വിഭാഗക്കാര്‍; പത്രസമ്മേളനം അവസാനിപ്പിച്ച് ഉപമുഖ്യമന്ത്രി


ബിജു നാരായണന്‍ ആചാര്യനായ മാതൃകുലം ധര്‍മ്മാശ്രമത്തിന്റെ നേതൃത്വത്തില്‍ ദളിത് പൂജാരികളെ പങ്കെടുപ്പിച്ച് മഹായാഗം നടത്താനുള്ള ഒരുക്കത്തിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. നേരത്തെ പട്ടാമ്പി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ബിജുവിന് നേരെ ആസിഡ് ആക്രമണവുമുണ്ടായിരുന്നു.

ആശ്രമത്തിനു നേരെയും മഹായാഗത്തിനു നേരെയും ഭീഷണിയുള്ളതായി മുമ്പും മാതൃകുലം ധര്‍മ്മാശ്രമം ചൂണ്ടിക്കാട്ടിയിരുന്നു. തീവ്ര സവര്‍ണ്ണ ഹിന്ദുത്വ വാദികളുടെ കണ്ണിലെ കരടാണ് മാതൃകുല ആശ്രമം എന്ന് രണ്ടുദിവസം മുമ്പ് ആശ്രമത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.

നേരത്തെ ആശ്രമത്തിന്റെ ഫേസ്ബുക്ക് പേജില്‍ മഹായാഗം സംബന്ധിച്ച് പരസ്യങ്ങള്‍ വന്നപ്പോള്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ എതിര്‍പ്പുമായി വന്നിരുന്നു.