'നിങ്ങള്‍ക്ക് രണ്ടെണ്ണമുണ്ടെങ്കില്‍ എനിക്ക് അഞ്ച് കിരീടങ്ങളുണ്ട്' എതിരാളികളെ പരിഹസിച്ച് റൊണാള്‍ഡോ
Football
'നിങ്ങള്‍ക്ക് രണ്ടെണ്ണമുണ്ടെങ്കില്‍ എനിക്ക് അഞ്ച് കിരീടങ്ങളുണ്ട്' എതിരാളികളെ പരിഹസിച്ച് റൊണാള്‍ഡോ
Sudev A
Thursday, 30th April 2026, 5:14 pm

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ആഹ്‌ലിയെ തകര്‍ത്ത് അല്‍ നസര്‍ കിരീടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കിങ്‌സിലി കോമന്റെയും ഗോളിലൂടെയായിരുന്നു സൗദി വമ്പന്മാരുടെ വിജയം.

ഈ മത്സരശേഷം അല്‍ നാസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ആഹ്‌ലി ആരാധകര്‍ക്കെതിരെ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. സൗദിയിലെ പ്രധാനപ്പെട്ട കിരീടങ്ങള്‍ നേടാന്‍ സാധിക്കാത്തതില്‍ അല്‍ നസറിനെയും റൊണാള്‍ഡോയെയും അല്‍ ആഹ്‌ലി ആരാധകര്‍ പരിഹസിച്ചപ്പോഴായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

തങ്ങള്‍ക്ക് രണ്ട് ഏഷ്യന്‍ കിരീടങ്ങളുണ്ടെന്ന് കാണിച്ചാണ് അല്‍ നസറിനെതിരെ അല്‍ ആഹ്ലി ആരാധകര്‍ പരിഹാസം നടത്തിയത്. എന്നാല്‍ ഇതിനെതിരെ മത്സരശേഷം അഞ്ച് വിരലുകള്‍ ഉയര്‍ത്തിപ്പിടിച്ച് ‘എനിക്ക് അഞ്ച് കിരീടമുണ്ടെന്ന്’ കാണിക്കുകയായിരുന്നു റൊണാള്‍ഡോ. അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം താന്‍ നേടിയിട്ടുണ്ടെന്നാണ് റൊണാള്‍ഡോ അല്‍ ആഹ്‌ലി ആരാധകരോട് ഇതിലൂടെ വിളിച്ചു പറയുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് അഞ്ച് തവണ വിജയിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. റയല്‍ മാഡ്രിഡിനൊപ്പം നാല് യു.സി.എല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനൊപ്പം ഒരു തവണയും ഈ നേട്ടം ആവര്‍ത്തിച്ചു. അവസാനമായി 2018ലായിരുന്നു റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗ് വിജയിച്ചത്.

2023ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദിയിലെത്തിയ റൊണാള്‍ഡോക്ക് ഇതുവരെ ടീമിനൊപ്പം ഒരു മേജര്‍ ട്രോഫി നേടാനായാട്ടില്ല. അടുത്തിടെ എ.എഫ്.സി ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം അല്‍ ആഹ്‌ലി സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ എ.എഫ്.സി സൂപ്പര്‍ കപ്പിന്റെ ഫൈനലിലേക്ക് അല്‍ ആഹ്ലിയെ വീഴ്ത്തി അല്‍ നസര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു. അല്‍ അഹ്‌ലിയെ 5-1ന് തകര്‍ത്താണ് സൗദി വമ്പന്മാര്‍ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.

സമീപ വര്‍ഷങ്ങളിലെല്ലാം കയ്യകലെ നഷ്ടമായ കിരീടത്തിന് അടുത്തെത്തിയിരിക്കുകയാണ് റൊണാള്‍ഡോയും സംഘവും. ലീഗില്‍ ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് അല്‍ നസര്‍ തോല്‍വി നേരിട്ടത്. 30 മത്സരങ്ങളില്‍ നിന്നും 26 വിജയമാണ് അല്‍ നസര്‍ ഈ സീസണില്‍ നേടിയെടുത്തത്. ഒരു മത്സരം സമനിലയിലാവുകയും ചെയ്തു. 79 പോയിന്റോടെയാണ് അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

അതേസമയം അല്‍ നസറിനൊപ്പം റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ 28 മത്സരങ്ങളില്‍ നിന്നും 25 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ ഇതുവരെ നേടിയിട്ടുള്ളത്.

റൊണാള്‍ഡോ തന്റെ ആകെ ഗോള്‍ നേട്ടം 970 ആക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 30 ഗോളുകള്‍ കൂടി നേടിയാല്‍ ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്ക് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് നടന്നുകയറാന്‍ സാധിക്കും. വരും മത്സരങ്ങളിലും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും അത്ഭുതങ്ങള്‍ പിറക്കുമെന്നാണ് ഫുട്ബോള്‍ ലോകം വിശ്വസിക്കുന്നത്.

Content Highlight: Cristiano Ronaldo Mock Al Ahli Fans Viral on Football World

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.