തിയേറ്റര്‍ റിലീസിലെ വിജയത്തിന് ശേഷം ഒ.ടി.ടിയിലെത്തിയ തുടക്കത്തിന് അത്ര നല്ല സമയമല്ല. വിസ്മയ മോഹന്‍ലാലിന്റെ ആദ്യചിത്രമെന്ന നിലക്ക് ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത കളക്ഷന്‍ തുടക്കം നേടിയിരുന്നു. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയിലെത്തിയിരുന്നു. ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തിലെ പല രംഗങ്ങളും ട്രോള്‍ പേജുകളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

അത്യാവശ്യം നല്ലൊരു കഥയായിരുന്നു തുടക്കത്തിന്റേതെന്നും എന്നാല്‍ തിരക്കഥയിലെ ലോജിക്കില്ലായ്മ പലയിടത്തും മുഴച്ചുനിന്നതായി അനുഭവപ്പെട്ടെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. പ്രധാന കോണ്‍ഫഌക്റ്റിലേക്ക് എത്തുന്നതുവരെയുള്ള പല രംഗങ്ങളും അങ്ങേയറ്റം ആര്‍ട്ടിഫിഷ്യലായിരുന്നെന്നും കമന്റുകളുണ്ട്. ആദ്യപകുതിയിലെ പല സീനുകളും ഇത്തരത്തിലുള്ളതായിരുന്നെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കഥയില്‍ ചോദ്യമില്ലെന്ന് പറഞ്ഞ് ഒഴിയാമെങ്കിലും ഒട്ടും ലോജിക്കില്ലാത്ത രംഗങ്ങള്‍ ധാരാളമുണ്ട്. അത്തരത്തിലൊന്നാണ് ഫസ്റ്റ് ഹാഫില്‍ വിസ്മയയുടെ കഥാപാത്രം സ്‌കൂട്ടര്‍ കടം ചോദിക്കുന്ന സീന്‍. ഒരു പരിചയവുമില്ലാത്ത രണ്ട് പെണ്‍കുട്ടികളെ സഹായിക്കാന്‍ ബസില്‍ നിന്നിറങ്ങി അവരോടൊപ്പം പോകുന്ന മീനു അവരെ വീട്ടിലെത്തിക്കാനായി ഒരു സ്‌കൂട്ടര്‍ കടം വാങ്ങുന്നുണ്ട്.

വഴിയരികില്‍ കൂട്ടംകൂടി നിന്ന് വര്‍ത്തമാനം പറയുന്ന യുവാക്കളുടെയടുത്താണ് മീനു സ്‌കൂട്ടര്‍ കടം ചോദിക്കുന്നത്. 500 രൂപ കൊടുത്ത് സ്‌കൂട്ടര്‍ എടുത്തിട്ട് പോകാന്‍ നില്‍ക്കുമ്പോള്‍ ‘നിങ്ങള്‍ തിരിച്ച് വരുമെന്ന് എന്താണ് ഉറപ്പ്? 500 രൂപയും തന്നിട്ട് വണ്ടിയും കൊണ്ട് പോയാല്‍ എന്ത് ചെയ്യും? എന്ന് യുവാക്കള്‍ ചോദിക്കുന്നുണ്ട്.

ഈ ചോദ്യം കേള്‍ക്കുന്ന മീനു തന്റെ കഴുത്തില്‍ കിടന്ന മാലയൂരിയിട്ട് ‘ഇത് രണ്ടരപ്പവനുണ്ട്. സ്‌കൂട്ടര്‍ തരുമ്പോള്‍ തിരിച്ച് തന്നാല്‍ മതി’ എന്ന് പറഞ്ഞ് മാല അവര്‍ക്ക് നല്‍കിയ ശേഷം സ്‌കൂട്ടറുമായി പോവുകയാണ്. ഒരിടത്തും ഇങ്ങനെയൊന്നും നടക്കില്ലെന്നും ഏതോ പാരലല്‍ വേള്‍ഡിലെ കഥയാണ് ജൂഡ് എടുത്തുവെച്ചതെന്നും പറഞ്ഞ് പലരും ഈ സീനിനെ പരിഹസിക്കുന്നുണ്ട്.

പിന്നീട് ഒരു സീനില്‍ ആ ഇരട്ടക്കുട്ടികളെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് ആ യുവാക്കള്‍ പറയുകയും തിരിച്ച് അവരെ അറിയാമെന്ന് പെണ്‍കുട്ടികള്‍ പറയുന്നുമുണ്ട്. പരിചയമുള്ളവരോട് ആദ്യം മറ്റൊരു രീതിയില്‍ പെരുമാറിയത് അങ്ങേയറ്റം ലോജിക്കില്ലെന്നാണ് കമന്റുകള്‍. ഇതിനെക്കാള്‍ രസകരമായിരുന്നു മീനു സ്‌കൂട്ടര്‍ തിരിച്ചേല്പിക്കുന്ന സീന്‍.

മാല തിരിച്ച് കൊടുക്കാന്‍ നോക്കുമ്പോള്‍ ‘അത് മുക്കുപണ്ടമാ, നിങ്ങള് തന്നെ വെച്ചോ’ എന്ന കോമഡി ഡയലോഗുമടിച്ച് മീനു പോവുകയാണ്. ‘ഇത്രയും നല്ല തമാശ അടുത്തൊന്നും കണ്ടിട്ടില്ല’ എന്നാണ് പലരുടെയും പരിഹാസം. ബ്ലാസ്റ്റ് പോലെ നല്ല രീതിയില്‍ ഒരുക്കാവുന്ന കഥയെ ജൂഡ് ക്രിഞ്ച് കുത്തിക്കയറ്റി നശിപ്പിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Cringe scenes in Thudakkam getting trolls