ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്. രാഷ്ട്രീയ സഖ്യവും ക്രിമിനല്‍ കേസും വെവ്വേറെ കാര്യങ്ങളാണെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
“ഈ കേസ് ഇന്ന് ആരംഭിച്ചതല്ല. കേസ് ആരംഭിച്ച 1993-94 മുതല്‍ ഇന്നുവരെ ആര്‍.ജെ.ഡിയുമായി കോണ്‍ഗ്രസിന് സഖ്യമുണ്ടായിട്ടുണ്ട്. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആര്‍.ജെ.ഡി സര്‍ക്കാരിന്റെ ഭാഗമായിരുന്നു. ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗവുമായിരുന്നു. അതുകൊണ്ട് ക്രിമിനല്‍ കേസുണ്ടാകുന്നതും രാഷ്ട്രീയ സഖ്യവും വെവ്വേറെ കാര്യമാണ്
ബീഹാര്‍ മുഖ്യമന്ത്രിയും എന്‍.ഡി.എ അംഗവുമായ നിതീഷ് കുമാറിനെതിരെ ശ്രീജന്‍ അഴിമതി കേസില്‍ എന്തുകൊണ്ട് സമാന നടപടി ഉണ്ടായില്ലെന്നും മനീഷ് തിവാരി പറഞ്ഞു. കേസില്‍ എസ്.ഐ.ടി അന്വേഷണം നടത്തണമെന്നും മനീഷ് തിവാരി പറഞ്ഞു. സി.ബി.ഐ ബി.ജെ.പിയുടെ വളര്‍ത്തു തത്തയെ പോലെയായിരിക്കുകയാണെന്നും ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2 ജി വിധിയെന്നും തിവാരി പറഞ്ഞു. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സ്വകാര്യ അഭിഭാഷകരല്ലെന്നും സ്വതന്ത്രവും സുതാര്യവുമായി പ്രവര്‍ത്തിക്കണമെന്നും മനീഷ് തിവാരി പറഞ്ഞു.
ആര്‍.ജെ.ഡിയും കോണ്‍ഗ്രസും തമ്മില്‍ അഴിമതിയുടെ സഖ്യമാണുള്ളതെന്ന് വിധി വന്നതിന് പിന്നാലെ ബി.ജെ.പി ആരോപിച്ചിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ ജാര്‍ഖണ്ഡിലെ ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 89.27 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ലാലു കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.ഐ കോടതി വിധിച്ചിരുന്നു. വിധിക്ക് പിന്നാലെ ലാലുവിനെ റാഞ്ചിയിലെ ബിര്‍സമുണ്ട സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുവിനെതിരെ അഞ്ചു കേസുകളാണുള്ളത്. ഇതില്‍ രണ്ടാമത്തെ കേസിന്റെ വിധിയാണ് വന്നത്. ബാക്കിയുള്ള മൂന്നു കേസുകളില്‍ വിചാരണ നടക്കുകയാണ്. ആദ്യ കേസില്‍ 2013 ല്‍ വിധി പറഞ്ഞിരുന്നു. അന്ന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ലാലുവിന് വിലക്കുണ്ടായിരുന്നു. ലാലുവിന് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
