കണ്ണൂര്‍: സി.ഒ.ടി വധശ്രമക്കേസില്‍ സി.പി.ഐ.എം തലശ്ശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഡ്രൈവറും സഹായിയുമായിരുന്നയാള്‍ അറസ്റ്റില്‍. രാജേഷ് എന്നയാളാണ് അറസ്റ്റിലായത്.

നേരത്തെ അറസ്റ്റിലായ കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസില്‍ അറസ്റ്റിലാവുന്ന എട്ടാമത്തെയാളാണ് രാജേഷ്. അക്രമം നടന്ന ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

സി.ഒ.ടി.നസീറിന്റെ വധശ്രമത്തിനു പിന്നില്‍ പാര്‍ട്ടിക്കാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് മുന്‍ ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എം.എല്‍.എയുടെ സഹായിയുമായിരുന്നയാള്‍ അറസ്റ്റിലാവുന്നത്.

മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്. അദ്ദേഹത്തെ ആക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. കേസില്‍ 11 പേരുടെ പ്രതിപ്പട്ടികയാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് നസീര്‍ ആരോപിച്ചിരുന്നു.