പ്രഭുവും പ്രിയനും വീണു; ഒറ്റ സെഞ്ച്വറിയില്‍ പഞ്ചാബിന്റെ ചരിത്രം തിരുത്തി കനോലി
Cricket
പ്രഭുവും പ്രിയനും വീണു; ഒറ്റ സെഞ്ച്വറിയില്‍ പഞ്ചാബിന്റെ ചരിത്രം തിരുത്തി കനോലി
Sudev A
Thursday, 7th May 2026, 1:29 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്.

ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിരയില്‍ കൂപ്പര്‍ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

മത്സരത്തില്‍ പഞ്ചാബ് പരാജയപ്പെട്ടെങ്കിലും ഓസ്‌ട്രേലിയന്‍ യുവതാരം കൂപ്പര്‍ കനോലിയുടെ സെഞ്ച്വറിയാണ് ഏറെ ശ്രദ്ധേയമായത്. 59 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടിയാണ് കനോലി തിളങ്ങിയത്. ഏഴ് ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഐ.പി.എല്ലില്‍ പഞ്ചാബിന് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും കനോലി സ്വന്തമാക്കി. 22 വയസും 257 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് ഓസീസ് താരത്തിന്റെ കുതിപ്പ്. 22 വയസും 276 ദിവസവും പ്രായമുള്ളപ്പോള്‍ ആയിരുന്നു പ്രഭ്‌സിമ്രാന്‍ പഞ്ചാബിനായി സെഞ്ച്വറി നേടിയിരുന്നത്. ഈ നേട്ടത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് പ്രിയാന്‍ഷ് ആര്യയാണ്. 23 വയസും 202 ദിവസവും പ്രായമുള്ളപ്പോഴാണ് താരം സെഞ്ച്വറി നേടിയിരുന്നത്.

ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരവും കനോലി തന്നെയാണ്. സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെ മറികടന്നാണ് കനോലി ഒന്നാമനായത്. 23 വയസും 122 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഡി കോക്ക് സെഞ്ച്വറി നേടിയിരുന്നത്.

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഹെന്റിക് ക്ലാസന്‍ (43 പന്തില്‍ 69), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 55) എന്നിവരുടെ കരുത്തിലാണ് കൂറ്റന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് 38 റണ്‍സും അഭിഷേക് ശര്‍മ 35 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഡി 29 റണ്‍സും നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി.

Content Highlight: Cooper Conolly Become the Youngest player to score century For Punjab Kings in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.